വൈപ്പിൻ: ബി.എസ്.എൻ.എൽ ഞാറക്കൽ എക്‌സ്‌ചേഞ്ച് പ്രവർത്തനം രണ്ടാഴ്ചയായി അവതാളത്തിലായതായി ഉപഭോക്താക്കളുടെ പരാതി. വൈദ്യുതി തടസമുണ്ടാകുമ്പോൾ ഉപയോഗിക്കുന്ന ബാറ്ററിയുടെ അറ്റകുറ്റപ്പണി നടത്താതെ ബാക്ക് അപ്പ് നഷ്ടപ്പെട്ടതാണ് പ്രശ്നത്തിന് കാരണം. നേരത്തെ 40 മിനിറ്റ് വരെ ബാറ്ററിയിൽ പ്രവർത്തിക്കാനാകുമായിരുന്നു. എന്നാൽ ഇപ്പോൾ വൈദ്യുതി നിലച്ചാൽ എക്‌സ്‌ചേഞ്ച് പ്രവർത്തനരഹിതമാകുകയാണ്. ഇതോടെ ഫോൺ. ഇന്റർനെറ്റ് പ്രവർത്തനങ്ങൾ തടസപ്പെടുന്ന അവസ്ഥയാണ്. ബാറ്ററി ഉപയോഗം നിയന്ത്രിക്കുന്നതിൽ മുൻകാലങ്ങളിൽ വന്ന അശ്രദ്ധയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഇടപാടുകാർ ചൂണ്ടിക്കാട്ടുന്നു.
പ്രശ്‌നപരിഹാരത്തിനുള്ള ആൾബലവും നിലവിൽ ഞാറക്കൽ എക്‌സ്‌ചേഞ്ചിനില്ല. ചെറായി, എടവനക്കാട്, വൈപ്പിൻ എക്‌സ്‌ചേഞ്ചുകളുടെ അധികചുമതലയും ഞാറക്കൽ സബ്ഡിവിഷൻ എൻജിനിയർക്കാണ്. ഇദ്ദേഹത്തെ കൂടാതെ ഒരു ട്രെയിനിയും ഒരു കോൺട്രാക്ട് ജീവനക്കാരനും ഒരു വാച്ച്മാനുമാണ് ആകെയുള്ളത്.
വ്യക്തിഗത ലാൻഡ്‌ഫോണുകൾ ഏറെയും വിച്ഛേദിച്ചെങ്കിലും സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ആശുപത്രികൾ എന്നവിടങ്ങളിലെല്ലാം ബി.എസ്.എൻ.എൽ ഫോണുകളാണുള്ളത്. ഇവയുടെ അറ്റകുറ്റപ്പണികളും നടക്കുന്നില്ല.