വൈപ്പിൻ: നായരമ്പലം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുമായി ബന്ധപ്പെട്ട അഴിമതിയിൽ അന്വേഷണം നടത്തണമെന്ന് പൊലീസിൽ പരാതി നൽകാൻ ഇന്നലെ കൂടിയ പഞ്ചായത്ത് ഭരണസമിതി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. ജില്ലാ കളക്ടർക്കും റിപ്പോർട്ട് നൽകും. 19 ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. സി.ഡി.എസ് ഭാരവാഹികൾ, പഞ്ചായത്ത് അക്കൗണ്ടന്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം നടത്തണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെടുന്നത്.
തങ്ങളുടെ ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തി പഞ്ചായത്ത് ഉദ്യോഗസ്ഥരാണ് അഴിമതി നടത്തിയതെന്ന് സി.ഡി.എസ് ഭാരവാഹികൾ ഞാറക്കൽ പൊലീസിൽ പരാതി നൽകിയെങ്കിലും പഞ്ചായത്ത് സെക്രട്ടറിയാണ് പരാതി നൽകേണ്ടതെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.