y
തൃപ്പൂണിത്തുറ നഗരസഭ സെക്രട്ടറി പി.കെ.സുഭാഷിന്റെ നേതൃത്വത്തിൽ ഷ്വാസ് ഫ്ലാറ്റിലെ വൈദ്യുത പമ്പുകൾ കണ്ടുകെട്ടുന്നു

തൃപ്പൂണിത്തുറ: എരൂരിനടുത്ത് കണിയാമ്പുഴയിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് മാലിന്യം തോട്ടിലേക്കൊഴുക്കാൻ സ്ഥാപിച്ച രണ്ട് ഇലക്ട്രിക് മോട്ടോർ പമ്പുകൾ പിടിച്ചെടുത്തു. എരൂർ കണിയാമ്പുഴ ഷ്വാസ് മിസ്റ്റിക് ഹൈറ്റ്‌സ് അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ തൃപ്പൂണിത്തുറ നഗരസഭാ അധികൃതരുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും സംയുക്ത പരിശോധയിലാണ് പമ്പുകൾ പിടിച്ചെടുത്തത്.

രണ്ട് ടവറുകളിലായി 120 ലധികം അപ്പാർട്ട്‌മെന്റുകളുള്ള കോംപ്ലക്‌സിലെ ഏക സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എസ്‌.ടി.പി) പ്രവർത്തിക്കുന്നില്ലായിരുന്നു. ടാങ്കിൽനിന്ന് രണ്ട് മോട്ടോർ പമ്പുകൾ ഉപയോഗിച്ച് തൊട്ടടുത്ത തോട്ടിലേയ്ക്ക് ഈ മാലിന്യം പമ്പ് ചെയ്യുകയായിരുന്നെന്ന് പരിശോധനയിൽ കണ്ടെത്തി.

ഇതിനെതിരെ നേരത്തെ സമീപവാസികൾ നൽകിയ കേസിൽ ഹൈക്കോടതി ഉത്തരവനുസരിച്ച് നഗരസഭ ഇടപെടുകയും ഒരുലക്ഷംരൂപ പിഴയടപ്പിക്കാൻ തീരുമാനിക്കുകയും മാലിന്യം പമ്പുചെയ്യുന്നത് നിറുത്തിച്ച് പുതിയ സംവിധാനം (എസ്.ടി.പി) ഒരുക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ നിയമലംഘനം തുടർന്നതോടെ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സഹായത്തോടെ നഗരസഭാ സെക്രട്ടറി പി.കെ. സുഭാഷിന്റെ നേതൃത്വത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ട‌ർ ഇന്ദു സി. നായർ, പി.എച്ച്.ഐ എ.ആർ. അജീഷ് എന്നിവരുൾപ്പെട്ട സംഘം നടത്തിയ പരിശോധനയിലാണ് വൈദ്യുത പമ്പുകൾ കണ്ടുകെട്ടിയത്. ഷ്വാസ് ഫ്ലാറ്റിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി ബിൽഡർക്കും അപ്പാർട്ട്‌മെന്റ് അസോസിയേഷനും നോട്ടീസ് നൽകി

പൊതുസ്ഥലങ്ങളിൽ അഴുക്കോ മാലിന്യമോ വലിച്ചെറിയുന്നത് നിരോധിച്ചിട്ടുള്ള കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 340 പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് നഗരസഭാ സെക്രട്ടറി പി.കെ. സുഭാഷ് പറഞ്ഞു.