പറവൂർ: പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേയ്ക്ക് ഉപ്പ് വെള്ളംകയറുന്നത് തടയാൻ പുത്തൻവേലിക്കര പഞ്ചായത്തിലെ കോഴിത്തുരുത്ത് - ഇളന്തിക്കരയിൽ തത്കാലിക മണൽബണ്ട് കെട്ടുന്നതിനുള്ള ഡ്രജർ എത്തിച്ചു. വേലിയേറ്റ സമയത്ത് ചാലക്കുടിയാറിലേയ്ക്ക് ഉപ്പ് വെള്ളം കയറിതുടങ്ങിയതിനാൽ എത്രയും വേഗത്തിൽ മണൽബണ്ട് കെട്ടാനാണ് മേജർ ഇറിഗേഷൻ വകുപ്പ് ശ്രമിക്കുന്നത്. ഉപ്പുവെള്ളം കയറിയതിനാൽ പുത്തൻവേലിക്കര കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് ഇടക്ക് നിറുത്തിവയ്ക്കുന്നുണ്ട്. ഇരുകരകളെയും ബന്ധിപ്പിച്ച് കെട്ടുന്ന മണൽബണ്ട് മഴക്കാലം വരെ നീണ്ടുനിൽക്കും. മഴ ശക്തി പ്രാപിക്കുന്നതോടെ ബണ്ട് തനിയെ പൊട്ടുകയോ, പൊട്ടിക്കുകയോ ആണ് പതിവ്. കണക്കൻകടവിൽ നിർമ്മിച്ച റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ തകരാറിലായതിനാലാണ് എല്ലാ വർഷവും മണൽ ബണ്ട് കെട്ടുന്നത്. ഉപ്പ് വെള്ളം കയറിയാൽ എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, കുന്നുകര, പാറക്കടവ്, തൃശൂർ ജില്ലയിലെ കുഴൂർ, അന്നമനട, മാള തുടങ്ങിയ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമവും കൃഷിനാശവും ഉണ്ടാകും. കഴിഞ്ഞ വർഷം കനത്ത മഴ പെയ്തതോടെ ബണ്ട് നിർമ്മാണം വൈകിയാണ് പൂർത്തിയായത്.
ബണ്ട് നിർമ്മാണത്തിന് 24.37 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കാലാവസ്ഥ അനുകൂലമാണെങ്കിൽ നിർമ്മാണം ആരംഭിച്ച ഇരുപത് ദിവസത്തിനകം പൂർത്തിയാക്കും.