അലുവ: അതിർത്തി തർക്കത്തിനിടെ അയൽവാസിയുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന കടുങ്ങല്ലൂർ കയന്റിക്കര തോപ്പിൽവീട്ടിൽ അലിക്കുഞ്ഞ് (68) മരിച്ചു. കഴിഞ്ഞ 19ന് വൈകിട്ടാണ് സംഭവം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
സംഭവത്തെ തുടർന്ന് കഴിഞ്ഞ 22ന് അറസ്റ്റിലായ ഏലൂക്കര തച്ചവള്ളത്ത് പനത്താൻ അബ്ദുൽ കരീം (54) റിമാൻഡിലാണ്. ഇയാൾക്കെതിരെ കൊലപാതകവും ചുമത്തും. വഴിക്കുവേണ്ടി പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുക്കാൻ ഒപ്പിടണമെന്നാവശ്യപ്പെട്ടാണ് അബ്ദുൽ കരീം വീട്ടിലെത്തി അലിക്കുഞ്ഞുമായി വാക്കുതർക്കത്തിലായത്. പിന്നീട് വീടിന് പുറത്തുവച്ച് അലിക്കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് അലിക്കുഞ്ഞ്. മുപ്പത്തടം ഇടുക്കി കവലയിൽ തട്ടുകട നടത്തുകയാണ് പ്രതി അബ്ദുൾ കരീം.
മൈമൂനത്താണ് അലിക്കുഞ്ഞിന്റെ ഭാര്യ. മക്കൾ: അംജദ് അലി, അസ്‌ലം, അജ്മൽ.