finjan

കൊച്ചി: മഞ്ഞുപെയ്യുന്ന ഡിസംബറിലേക്ക് ജില്ല പെരുമഴയിൽ നനഞ്ഞു കയറും ! ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റിന്റെ സ്വാധനം ഇന്ന് ജില്ലയിൽ പരക്കെ മഴയ്ക്ക് വഴിയൊരുക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ജില്ല ഉൾപ്പെടെ ഏഴ് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ശക്തമായ ഇടിമിന്നലോടെ മഴയ്ക്കാണ് സാദ്ധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയും പെയ്‌തേക്കും. ഇന്ന് യെല്ലോ അലർട്ടും നാളെ ഓറഞ്ച് അലർട്ടുമാണ് മുന്നറിയിപ്പുകൾ. മൂന്നിന് യെല്ലോ അലർട്ടുമുണ്ട്.

എറണാകുളം മുതൽ കാസർകോട് വരെ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. തമിഴ്‌നാടിലൂടെ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് കേരളത്തിലൂടെ കടന്നുപോയേക്കുമെന്നും കരുതുന്നു. തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുകയാണ്. ഇതിന്റെ സ്വാധീനഫലമായി ഇന്നലെ ജില്ലയിൽ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ചിലയിടങ്ങവിൽ നേരിയ തോതിൽ മഴയും പെയ്തിരുന്നു.

 ഫിൻജാൽ ശക്തിപ്രാപിക്കുന്നു

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതി തീവ്ര ന്യൂന മർദ്ദമാണ് ഫിൻജാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തമിഴ്‌നാട്ടിൽ ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.