പറവൂർ: പുതിയ ദേശീയപാത 66ൽ പട്ടണം കവലയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ രണ്ട് മാസങ്ങളായി നടത്തിവരുന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു. പട്ടണം -പുഴക്കരേടത്ത് റോഡിൽ അടിപ്പാത അനുവദിച്ച് കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ദേശീയപാത അധികൃതരിൽ നിന്ന് ഇന്നലെ ജനകീയ സമരസമിതി നേതാക്കൾക്ക് ലഭിച്ചു. റിലേ സത്യഗ്രഹ സമരം 60 ദിവസം തികയുമ്പോഴാണ് അടിപ്പാത അനുവദിച്ചതായി അറിയിപ്പുണ്ടായത്. ബസുകൾക്ക് കടന്നുപോകാവുന്ന രീതിയിൽ അടിപ്പാത യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പട്ടണം നിവാസികൾ. ഇന്ന് നടത്താനിരുന്ന മനുഷ്യച്ചങ്ങലയും സമരവേലിയും കുടിലും കെട്ടിയുള്ള പ്രതിഷേധവും റദ്ദാക്കിയതായി സമരസമിതി നേതാക്കളായ കെ.വി. അനന്തൻ, റഷീദ് പട്ടണം , രാജൻ കല്ലറക്കൽ എന്നിവർ അറിയിച്ചു.