കൊച്ചി: സംസ്ഥാനത്തെ ഏറ്റവും മികച്ച ആതുരാലയങ്ങളിൽ ഒന്നായ എറണാകുളം ജനറൽ ആശുപത്രി വികസന പാതയിലെ വിവിധ പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കും.
ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം നവീകരിച്ച കെട്ടിടം, ബ്ലഡ് സെന്റർ ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷൻ, പീഡിയാട്രിക് പാലിയേറ്റീവ് ഹോംകെയർ പദ്ധതി, പ്രതീക്ഷ പാലിയേറ്റീവ് പദ്ധതി, ആന്റി ബയോട്ടിക് പോളിസി റിലീസ്, നവീകരിച്ച ഫീമെയിൽ മെഡിക്കൽ വാർഡ്, നവീകരിച്ച മരുന്ന് സംഭരണ കേന്ദ്രം, നവീകരിച്ച ഓഫ്താൽമോളജി ഡിപ്പാർട്ടുമെന്റ്, അവയവമാറ്റ ശസ്ത്രക്രിയ സെന്ററിന്റെ വാർഷികം അവയവദാനം - സോഷ്യൽ മീഡിയ ക്യാമ്പയിൻ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, ഫൈബ്രോസ്കാൻ പ്രവർത്തനം, കാൻസർ കെയർ ബ്ലോക്കിലും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലും ബുക് സ്റ്റാൻഡർ ലൈബ്രറി ആൻഡ് റീഡിംഗ് കോർണർ എന്നിങ്ങനെ 11പുതിയ പദ്ധതികൾക്കാണ് ഉച്ചയ്ക്ക് 2.30 ന് മന്ത്രി വീണാ ജോർജ് തുടക്കം കുറിക്കുന്നത്. ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും.
മേയർ അഡ്വ.എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, കൗൺസിലർ പദ്മജ എസ്. മേനോൻ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, ഡി.എം.ഒ ഡോ. ആശാദേവി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശിവപ്രസാദ് തുടങ്ങിയവർ സംബന്ധിക്കും.