ചോറ്റാനിക്കര: കുരീക്കാട് റെയിൽവേ ക്രോസിന് സമീപം വെള്ളിയാഴ്ച രാത്രി ബൈക്ക് കനാലിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. പുതിയകാവ് അംബിക വിഹാറിൽ താമസിക്കുന്ന, കല്ലൂർ മണപ്പാട്ടി പറമ്പിന് സമീപം തെക്കേവീട്ടിൽ പറമ്പിൽ ഷാനി എംഎ (മായ, 45)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വിനിൽകുമാർ (47) രക്ഷപ്പെട്ടു.
ഷാഹിൻ ബീവിയും വിനിലും പുതിയകാവിൽ ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇരുവരും ചോറ്റാനിക്കര എരുവേലിയിലെ ഒരു വീട്ടിൽ പച്ചക്കറി വിത്തുകളുമായി എത്തിയിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇവർ തിരിച്ചു പോയെങ്കിലും വീട്ടിൽ ഉണ്ടായ ഒരു വാഴക്കുല വാങ്ങാൻ താത്പര്യമുണ്ടോയെന്ന് ഇവിടത്തെ വീട്ടമ്മയോട് ഫോണിൽ ചോദിച്ചു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ വാഴക്കുലയുമായി ഇവരുടെ വീട്ടിലേക്ക് വരുമ്പോൾ ബൈക്ക് സമീപമുള്ള കനാലിലേക്ക് തെന്നി മറിയുകയായിരുന്നു. രാത്രികാലങ്ങളിൽ ആൾ സഞ്ചാരം കുറവുള്ള വഴിയോട് ചേർന്നുള്ള കനാലിൽ ഇവർ വീണത് ആരും അറിഞ്ഞില്ല. ഇന്നലെ പുലർച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് ബോധമില്ലാതെ ഇരുവരെയും വെള്ളമില്ലാത്ത കനാലിൽ കണ്ടത്. ചോറ്റാനിക്കര പൊലീസ് എത്തി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷാഹിൻ ബീവി അപ്പോഴേക്കും മരിച്ചിരുന്നു.
പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ, ചോറ്റാനിക്കര എസ്.എച്ച്.ഒ കെ.എൻ. മനോജ്, എസ്.ഐ റോയ്, സി.പി.ഒമാരായ രാജലക്ഷ്മി, സിന്ധു എന്നിവരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി.