
തിരുവനന്തപുരം: 'ആശുപത്രിയിൽ നിന്ന് മടങ്ങിവന്നിട്ട് ഏതാനും ദിവസമേ ആയുള്ളൂ. ചുമയും പനിയുമായിരുന്നു. പ്രായം 87 ആയല്ലോ. അധിക നേരം ഇരിക്കാൻ വയ്യ...' മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ സംസാരിക്കുകയായിരുന്നു. മലയാള നോവലുകളിൽ ഏറ്റവും കൂടുതൽ വിറ്റ ഒരു സങ്കീർത്തനം പോലെ എന്ന വിഖ്യാത രചനയ്ക്കുശേഷം ഒരു നോവൽ കൂടി പൂർത്തിയാക്കുകയാണ് പെരുമ്പടവം. മലയാള കവിതയുടെ സുവർണ കൈലാസം ആയ കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി ' അവനിവാഴ്‌വ് കിനാവ്" എന്ന പേരിൽ. അതിലെ കുറെ കാര്യങ്ങൾ മുമ്പ് കേരളകൗമുദി ഓണപ്പതിപ്പിൽ വന്നിരുന്നു. അതൊരു സമ്പൂർണ്ണ രചനയാക്കണമെന്നാണ് ആഗ്രഹം. കുറച്ചു മിനുക്കുപണികൾ കൂടിബാക്കിയുണ്ട് - ഇന്നലെ സംസാരിക്കവേ പെരുമ്പടവം പറഞ്ഞു. ഒപ്പം കചന്റെയും ദേവയാനിയുടെയും പ്രണയം വിഷയമാക്കി ഒരു നോവലും കുറേക്കാലമായി മനസിലുണ്ട്. ആശാനോട് ആരാധനയാണ്. മലയാളത്തിന്റെ മഹാഭാഗ്യമാണ് കുമാരനാശാൻ. പെരുമ്പടവം പറഞ്ഞു.
തമലത്തെ വീട്ടിൽ മകൾ അല്ലി അച്ഛന്റെ കാര്യങ്ങൾ നോക്കാൻ ഒപ്പമുണ്ട്.
നിരാശയില്ല
സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ അംഗീകാരം ആയ എഴുത്തച്ഛൻ പുരസ്കാരം ഇക്കൊല്ലവും ലഭിക്കാത്തതിൽ യാതൊരു നിരാശയുമില്ലെന്ന് ചോദ്യത്തിനു മറുപടിയായി പെരുമ്പടവം പറഞ്ഞു. ഇന്നുവരെ ഒരു അവാർഡിനും പിറകേ പോയിട്ടില്ല. പിന്നെ എന്റെ കാര്യം പറയാനോ എന്റെ പക്ഷം പിടിക്കാനോ ആരുമില്ല. അതിലൊട്ടുവിഷമവുമില്ല. അവരുടെ കണ്ണിൽ ഞാൻ മോശക്കാരനായിരിക്കാം. രാഷ്ട്രീയത്തിലും പക്ഷം പിടിച്ചിട്ടില്ല. എന്നാൽ ജനങ്ങൾ എനിക്കൊപ്പമുണ്ട്. എന്റെ കൃതികളാണ് ഏറ്റവും കൂടുതൽ വിൽക്കുന്നത്. ഒരു സങ്കീർത്തനം പോലെ 139 പതിപ്പുകളായി. അതിലും വലിയൊരു അംഗീകാരം വേറെ വേണോ...?" പെരുമ്പടവം ചോദിക്കുന്നു.
----------
ബോക്സ്
എഴുത്തച്ഛൻ പുരസ്കാരത്തെ
ചൊല്ലി വിവാദം
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ മഹത്തായ സംഭാവനകൾക്കുള്ള എഴുത്തച്ഛൻ പുരസ്കാരം അർഹരായ പലരെയും അവഗണിച്ചാണ് ഇക്കുറി നൽകിയതെന്ന വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്. ' എല്ലാ വർഷവും എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിക്കുന്നതിനു മുമ്പേ ഞാൻ പ്രതീക്ഷിക്കുന്ന ഒരു പേരുണ്ട്: സാറാ ജോസഫ്... ഈ വർഷവും ഇല്ല.
ഇന്ന് ഇത്രയും തലപ്പൊക്കമുള്ള മറ്റൊരെഴുത്താൾ ഉണ്ടോ മലയാളത്തിൽ? ടീച്ചറുടെ പേര് വരാത്തതിന്റെ കാരണം ആരും ആർക്കും പറഞ്ഞുകൊടുക്കേണ്ടതില്ല." പ്രമുഖ കഥാകൃത്തായ അഷ്ടമൂർത്തി ഫേസ്ബുക്കിൽ കുറിച്ചു. പെരുമ്പടവം ശ്രീധരന് നൽകേണ്ടിയിരുന്നു എന്ന് പറയുന്നവർ ഏറെയുണ്ട്. മലയാള ഭാഷയോട് പിന്തിരിഞ്ഞുനിൽക്കുന്ന അൽപ്പ വിഭവനായ എഴുത്തുകാരനാണ് എൻ.എസ്.മാധവനെന്ന് പ്രമുഖ കഥാകൃത്തും നിരൂപകനുമായ ഡോ.എം.രാജീവ് കുമാർ വിമർശിച്ചു. ഡോ.ജോർജ് ഓണക്കൂറിന് ഇക്കുറി എഴുത്തച്ഛൻ പുരസ്കാരം നൽകേണ്ടിയിരുന്നു. മാധവന്റെ പ്രശസ്തമായ വൻ മരങ്ങൾ വീഴുമ്പോൾ എന്ന കഥ ബൽസാക്കിന്റെ രചനയിൽ നിന്ന് ചൂണ്ടിയതാണെന്നും രാജീവ് കുമാർ ആരോപിച്ചു. മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിനെ ഒരു കാരണവുമില്ലാതെ വിമർശിച്ചയാളാണ് മാധവനെന്നും ആക്ഷേപമുണ്ട്.