
സംസ്ഥാനത്ത് രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായ വേളയിലാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ കേരള കൗമുദിയുമായി സംസാരിച്ചത്. പ്രസക്ത ഭാഗങ്ങളാണ് ചുവടെ:-
ചീഫ് സെക്രട്ടറിയുടെ കസേരയിൽ 2 മാസം പിന്നിട്ടല്ലോ
എങ്ങനെയുണ്ട്?
നല്ല ടെൻഷനുണ്ട്
കൗൺസിൽ ഒഫ് മിനിസ്റ്റേഴ്സിന്റെ സെക്രട്ടറിയാണ്, ക്യാബിനറ്റ് രഹസ്യങ്ങളറിയാം,
വകുപ്പ് സെക്രട്ടറിമാരെയും വകുപ്പ് മേധാവികളേയുമൊക്കെ നിയന്ത്രിക്കാം,
സി. ആർ എഴുതാം. രസമല്ലേ?
അത് ഒരു രസമായിട്ടല്ല ഉത്തരവാദിത്വമായാണ് കാണുന്നത്. ക്യാബിനറ്റ് യോഗത്തിൽ ആകെക്കൂടി ചീഫ് സെക്രട്ടറിക്ക് മാത്രമേ കടക്കാൻ പറ്റുള്ളു. അപ്പോൾ അതിന്റേതായൊരു പ്രത്യേകതയുണ്ട്. ചീഫ് സെക്രട്ടറി എന്ന പോസ്റ്റ്, ഞാൻ ഇരുന്ന പോസ്റ്റുകളുമായി നോക്കുമ്പോൾ ഉത്തരവാദിത്വങ്ങൾ കൂടുതലാണ്.
മൂന്നര പതിറ്റാണ്ട് കാലത്തെ അനുഭവമുണ്ടല്ലോ?
ടെൻഷനെന്ന് പറയുമ്പോൾ കുറച്ചധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. പുതിയ കാര്യങ്ങൾ വരുന്നുണ്ട്, പലതരത്തിലുള്ള കോ ഓർഡിനേഷന്റെ ഉത്തരവാദിത്വങ്ങളുണ്ട്. പിന്നെ കൈയിലുള്ള സമയം വളരെ കുറവാണ്. അതിനകത്ത് ചെയ്ത് തീർക്കണമെന്ന് കരുതുന്ന കാര്യങ്ങൾ ചെയ്ത് തീർക്കാൻ പറ്റുമോ എന്നുള്ള വേവലാതി എപ്പോഴുമുണ്ട്.
ഇപ്പോൾ സംഘർഷഭരിതമാണല്ലോ, ?
ടെൻഷൻ ഐ.എ.എസുകാരെ നിയന്ത്രിക്കുന്നതിലാണോ?
അതല്ല. മൊത്തത്തിൽ സർവീസിനോടുള്ള ഒരു ഉത്തരവാദിത്വം കൂടി ഉണ്ടല്ലോ, കാരണം ആരെ എവിടെ ഇരുത്തുന്നുവെന്നതടക്കം ചീഫ് സെക്രട്ടറിയുടെ ജോലിയാണ് അവരുടെ സേവന വേതന വ്യവസ്ഥകൾ നോക്കണം, ഒരു ഭാഗത്ത് നമ്മുടെ കരിയർ മുന്നോട്ട് പോവണം. മറുഭാഗത്ത് ആവശ്യത്തിന് ഉദ്യോഗസ്ഥർ മാനേജ് ചെയ്യാൻ ഉണ്ടാവണം ഇപ്പോഴത്തെ ഒരു ഘട്ടത്തിൽ ഉദ്യോഗസ്ഥർ വളരെ കുറവാണ്. അങ്ങനെ ആവുമ്പോളുണ്ടാവുന്ന സംഘർഷമുണ്ട്, ആവശ്യത്തിന് റിസോഴ്സസ് ഇല്ല. അപ്പോൾ പിന്നെ വളരെ ചെറിയ ലിമിറ്റഡ് റിസോഴ്സസ് വച്ച് മാനേജ് ചെയ്യേണ്ടതിന്റെ ഒരു മാനസിക സംഘർഷം.
ഒരാൾ തന്നെ ഒന്നിലധികം പദവികൾ
കൈകാര്യം ചെയ്യുന്നുണ്ടല്ലോ?
ഒരാൾ തന്നെ ഒന്നും രണ്ടും അല്ല. എട്ടും പത്തും ചുമതലകളൊക്കെ നിർവഹിക്കുന്നുണ്ട്. ചിലതൊക്കെ ചെറിയ വർക്കുകളാണ്. എന്നാൽ എല്ലാം കൂടി ചേർന്ന് വരുമ്പോഴേക്കും , ഭാരിച്ച ഉത്തരവാദിത്വങ്ങൾ പലർക്കുമുണ്ട്.
വാർത്തകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന സംഭവമാണ്, 2 ഐ.എ.എസ്
ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ അവരുമായി സംസാരിച്ചിരുന്നോ?
കേരള കേഡറിന്റെ ഒരു പ്രത്യേകത എന്നാൽ വളരെ ഇൻഫോർമലായിട്ടുള്ള ഒരു കേഡറാണ്. പല കേഡറുകളിലും ചീഫ് സെക്രട്ടറി എന്ന് പറയുന്നത് ആർക്കും അപ്പോയിൻമെന്റ് എടുക്കാതെ കാണാനൊക്കെ പ്രയാസമാണ്. പക്ഷെ കേരളത്തിൽ എപ്പോൾ വേണമെങ്കിലും കയറിവരാം.
ചീഫ് സെക്രട്ടറിക്ക് നിയന്ത്രിക്കാൻ പറ്റുന്നതല്ലേ എല്ലാം?
എന്താണ് ശരി, എന്താണ് തെറ്റ് എന്ന് ഓർമ്മിപ്പിക്കുന്നതിനുള്ളതാണ് റൂൾസ്. പക്ഷെ റൂൾസ് ഇന്റർപ്രെട്ടേഷന് വിധേയമാണ്. അപ്പോൾ പലരും പല രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. വ്യത്യസ്ത സ്വഭാവങ്ങളുള്ളവർ ചേരുന്ന ഒന്നാണ് സിവിൽ സർവീസ്. ഇത് നമ്മൾ വിചാരിക്കുന്ന പോലെ ഒരാളെക്കൊണ്ട് നിയന്ത്രിച്ച് പോകാവുന്ന ഒരു സംഗതിയല്ല. എല്ലാവരുടെയും സഹകരണവും കഴിവുകളും എല്ലാം ഒരുമിച്ച് കൊണ്ടുപോവാനായിട്ടുള്ള ശ്രമങ്ങൾ നിരന്തരം നടത്തികൊണ്ട് പോവുന്നതാണ് തലപ്പത്തിരിക്കുന്നവരുടെ ചുമതല.
ഇപ്പോൾ ഉയരുന്ന സംഭവങ്ങളുടെ ശരിയും തെറ്റും എന്ത് തന്നെ
ആയാലും അത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്
കളങ്കമുണ്ടാക്കുന്നതായില്ലേ?
അങ്ങനെ ഒരിക്കലും ഞാൻ പറയില്ല. കാരണം ഇത് അന്വേഷണ വിധേയമായിട്ട് നിൽക്കുകയാണല്ലോ, അതുകൊണ്ട് തന്നെ എന്താണതിന്റെ ശരി എന്നെല്ലാം കുറച്ചു നാൾ കഴിഞ്ഞേ മനസിലായി വരികയുള്ളു. പ്രശ്നങ്ങൾ ഇന്നും ഇന്നലെയും മാത്രം ഉണ്ടായതല്ല. ഞാൻ സർവീസിനകത്ത് കയറുമ്പോൾ മുതൽ ഇതുപോലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ട് . അതിൽ വ്യത്യാസം എന്താണെന്ന് വച്ചാൽ പണ്ട് ഈ പ്രശ്നങ്ങളൊക്കെ സർവീസിനകത്ത് ഒതുങ്ങി വേറൊരു മനുഷ്യനും അറിയില്ലായിരുന്നു. അത് നമ്മൾ മാനേജ് ചെയ്ത് കൊണ്ടുപോകും. ഇപ്പോളിത് പബ്ളിക്ക് ഡൊമെയ്നിൽ വരുന്നു. അതുകൊണ്ടുണ്ടാവുന്ന ഒരു ഇമേജിന്റെ പ്രശ്നമുണ്ട്. അങ്ങനെ ആ ഒരു ഇമേജ് , പലപ്പോഴും പറയാറുണ്ട്. മുഖത്തൊരു മറുകുണ്ടായാൽ ആ മറുകിനെ കാണുകയുള്ളു. മുഖം ആരും നോക്കില്ലെന്ന്. അപ്പോൾ ഒരു തൊണ്ണൂറ് തൊണ്ണൂറ്റൊമ്പത് ശതമാനം നമ്മൾ ചെയ്യുന്ന പ്രവർത്തനം കാണാതെ പോവുന്നു എന്ന് മാത്രമല്ല, ഈ പബ്ളിക് ഡൊമെയ്നിൽ നമ്മൾ ചെയ്യുന്ന വർക്കിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ വരുന്നുള്ളു.
ഉയർന്ന ഉദ്യോഗസ്ഥനെ പരസ്യമായി അപകീർത്തിപ്പെടുത്തുന്നത്
ശരിയായ നടപടിയാണോ? അതൊരു ഫ്രീഡം ഓഫ്
എക്സ്പ്രഷനായി കാണാനാകുമോ?
അന്വേഷണ വിധേയമായതിനാൽ, അത്തരം ചോദ്യങ്ങളിലേയ്ക്ക് ഞാൻ പോവുന്നില്ല. സർക്കാരിന്റെ നിലപാടെന്താണെന്ന് മനസിലായല്ലോ, അതുകൊണ്ടു തന്നെയാണല്ലോ സസ്പെൻഷൻ വന്നത്.
തുടരന്വേഷണം?
ഇപ്പോൾ മെമോ ഒഫ് ചാർജസ് ഉണ്ടാവും. അതിൽ സ്വന്തം ഭാഗം ന്യായീകരിക്കാനും മറുപടി പറയാനും അവസരം ഉണ്ടാകും. തുടർന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കും ഇതിൽ ഒരു ദീർഘമായിട്ടുള്ള ഒരു പ്രൊസസ് ഉണ്ട്. അതിന്റെ ബേസിസിൽ ഫൈൻഡിംഗ് ഉണ്ടായാൽ മറ്റ് തീരുമാനങ്ങളുണ്ടാവുകയും ചെയ്യും.
സസ്പെൻഷനു ശേഷം പരിഹസിക്കുന്നത് സർക്കാരിനെ
ചോദ്യം ചെയ്യലല്ലേ?
സസ്പെൻഷൻ എന്ന് പറയുന്നത് ഒരു നടപടി ആണ്. മെമോ ഒഫ് ചാർജസ് ഇഷ്യു ചെയ്യുമ്പോഴേക്കും ഇതിലേയ്ക്ക് വരുന്ന എല്ലാക്കാര്യങ്ങളും ശ്രദ്ധയിൽ വരും. പലതരത്തിലുള്ള വ്യക്തികളുണ്ട്. പലതരത്തിലായിരിക്കും പ്രതികരിക്കുന്നത്. പ്രതികരണം നമ്മുടെ കൈയിൽ ഒതുങ്ങുന്നതല്ല. നടപടി നമ്മുടെ കൈയിൽ നിൽക്കുന്നതാണ്. അപ്പോൾ അത് എല്ലാവർക്കും ഒരു മെസേജ് ആണ്. എന്താവാം, എന്തായിക്കൂടാ.. എന്ന് ആ മെസേജിനെ എല്ലാവരും ഉൾക്കൊള്ളണം. ശിക്ഷ കിട്ടിയാൽ അത് സ്വീകരിക്കാത്തവരുണ്ട്. അത് പോരാന്ന് വിചാരിക്കുന്നവരുണ്ട്. ഓരോരുത്തരുടെ സ്വഭാവത്തിനെ നിയന്ത്രിക്കാൻ നമുക്ക് പറ്റില്ല. പരിഹാസം എന്ന് പറയുന്നത് പലപ്പോഴും ഒരു ടൂൾ ആണ്. സറ്റയർ എന്ന് പറയുന്നത് ചില സത്യങ്ങളും ചില അപ്രിയ സത്യങ്ങളുമെല്ലാം കൊണ്ടുവരുന്നതിനുള്ള ഒരു ടൂളാണ്. പക്ഷെ മറുഭാഗത്ത് വ്യക്തിഹത്യ ചെയ്യുന്നതും ശരിയല്ല.
സീനിയേഴ്സ് ജൂനിയേസിനെ പീഡിപ്പിക്കുന്ന സാഹചര്യം.
പൊതുവെയുണ്ടോ?
ഏതൊരു ഓർഗനൈസേഷനകത്തും ഇങ്ങനെയുള്ള റിസ്ക്ക് ഉണ്ട്. അത് ഐ.എ.എസ് ആയാലും ശരി, ഐ.പി.എസ് ആയാലും ശരി. ഐ.എഫ്. എസ് ആയാലും ശരി. മീഡിയ ആയാലും ശരി, അത് ഞാൻ പറയാതെ തന്നെ എല്ലാവർക്കുമറിയാം. പല തരത്തിലുള്ള അധികാരത്തട്ടുകളുണ്ടെങ്കിലും ആ തട്ടുകളിൽ ചിലപ്പോൾ ഹരാസ്മെന്റിന്റെയൊക്കെ സാദ്ധ്യത ഉണ്ടാവും.
അങ്ങനെയൊരു സാദ്ധ്യത നേരിടേണ്ടി വന്നിട്ടുണ്ടോ?
പേർസണലായിട്ട് എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ഇരുപത്തിനാലു മണിക്കൂറും നിരീക്ഷണമുള്ളപ്പോൾ
പരസ്യ പ്രതികരണം, ഏറ്റുമുട്ടൽ നല്ലതാണോ?
നേരത്തെ ഉണ്ടായിരുന്ന ഒരു കോഡും സ്വഭാവവുമല്ല ഇപ്പോൾ. കാലത്തിനൊത്ത് നമ്മൾ മാറുകയും വേണം. പഴയത് പിടിച്ച് കൊണ്ടിരിക്കാൻ പറ്റില്ല. പക്ഷെ അതേസമയത്ത് നമുക്ക് എന്തൊരു വിഷയത്തിനും ഒരു സ്ട്രക്ച്ചർ ഉണ്ടാവുന്നതിന് ഒരു കാരണമുണ്ട്. ആ സ്ട്രക്ച്ചർ ഇല്ലെങ്കിൽ അത് സംഘർഷത്തിലേക്ക് മാറും. സംഘർഷം ഉണ്ടാവുന്നതും അഭികാമ്യമല്ല.
ഇങ്ങനെ ഒരു സംഭവം നിർഭാഗ്യകരമാണെന്ന തോന്നലുണ്ടോ?
തീർച്ചയായുമുണ്ട്.
നിയമസഭയിൽ മുഖ്യമന്ത്രിപറഞ്ഞത് 3 ലക്ഷത്തിലധികം
ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ്.
ജനം എന്ത് വിചാരിക്കണം?
ഇത് രണ്ടും കൂട്ടിക്കുഴയ്ക്കരുത്. കാരണം അടിവെയ്ക്കുന്നതിന്റെ ഇടയിലും രാത്രി 12 മണി വരെയും പണി എടുക്കുന്നവരുണ്ട്. പലപ്പോഴും ഈ അഭിപ്രായ വ്യത്യാസത്തിൽ കൂടിയാണ് നമ്മൾ വളരുന്നത്.മറ്റുള്ളവരുടെ വ്യൂസ് അറിയാനും തിരിച്ചറിയാനും പഠിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ ഒരു പ്രശ്നമല്ല.അത് ജോലിയെ ബാധിക്കേണ്ട കാര്യമില്ല. പലപ്പോഴും ജോലിക്ക് സഹായകരവുമായിരിക്കും. ഞാൻ തന്നെ എന്റെ അഭിപ്രായം എനിക്ക് അപ്രിയമായിട്ടുള്ള കാര്യങ്ങൾ കേൾക്കേണ്ടി വന്നതിനാൽ മാറ്റിയിട്ടുണ്ട്. അങ്ങനെ മാറാൻ തയ്യാറാവുന്നതാണ് ഒരു നല്ല ഉദ്യോഗസ്ഥൻ എന്ന് എനിക്ക് തോന്നുന്നു.
ഐ.എ.എസ് വിഷയം
മുഖ്യമന്ത്രി സജീവമായി ചർച്ച ചെയ്തിട്ടുണ്ടാവുമല്ലോ?
ഉറപ്പായിട്ടും. അദ്ദേഹത്തിന്റെ ശ്രദ്ധയിലുണ്ട്. എന്താണ് ഇതിനൊരു പരിഹാരം, ഫോൾട്ട് ലൈൻസ് എത്രത്തോളമാണ് വന്നിട്ടുള്ളത്, എന്നത് മനസിലാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ആത്യന്തികമായി നമ്മുടെ ഗവേണൻസ് മുന്നോട്ട് കൊണ്ടുപോവണം. ഇത് നമ്മൾ ചെയ്യുന്ന പ്രവർത്തനത്തിന് ഹാനികരമാവുന്ന തരത്തിൽ ബാധിക്കരുത്. എല്ലാവർക്കും അവരുടെ ഉത്തരവാദിത്വങ്ങൾ മുന്നോട്ട് കൊണ്ട് പോവാനായിട്ട് സാധിക്കണം. പിന്നെ എന്ത് ചെയ്യണമെങ്കിൽ തന്നെ നമുക്ക് ഒരു രമ്യത ഉണ്ടാവണം. അത് നിലനിറുത്തുകയും വേണം പക്ഷെ അതേ സമയം ആ രമ്യത നിലനിറുത്തുമ്പോൾ തന്നെ ഡിസിപ്ളിൻ കളഞ്ഞുകൊണ്ട് നമുക്കത് ചെയ്യാൻ പറ്റില്ല.
ഐ.എ.എസ് ഓഫീസേഴ്സ്, ഗവൺമെന്റിന്റെ
പ്രതിനിധികൾ ആണ്. ഓരോരുത്തരും വ്യക്തികൾ ആണെങ്കിലും
അവരുടെ പ്രവൃത്തികൾ മൊത്തത്തിൽ ബാധിക്കുന്നത് ഗവൺമെന്റിനെയല്ലേ?
വ്യക്തിയെ വ്യക്തിയായിട്ട് തന്നെയാണ് നമ്മൾ കാണേണ്ടത്. വ്യക്തി സിസ്റ്റമല്ലല്ലോ, വ്യക്തിയും സിസ്റ്റവുമായിട്ട് താരതമ്യപ്പെടുത്തുന്നത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം.
വ്യക്തിക്ക് ഉത്തരവാദിത്തമുണ്ടല്ലോ, പ്രതിനിധാനം
ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ,?
ഉണ്ട്. അത് ഇന്നല്ല, ഇന്നലെയല്ല, മിനിഞ്ഞാന്നുമല്ല , നാളെയല്ല, മറ്റന്നാളുമല്ല, വ്യതിയാനങ്ങളുണ്ടാവും. ആ വ്യതിയാനങ്ങൾ ഉണ്ടാവുമ്പോഴേക്കും തിരുത്തുക എന്നതാണ് സിസ്റ്റം. ഒരു വ്യതിയാനം ഉണ്ടാക്കുന്നത് സിസ്റ്റത്തിന്റെ കുഴപ്പമല്ല. ഉണ്ടാവുന്ന വ്യതിയാനത്തെ തിരുത്താൻ പറ്റുന്നുണ്ടോ അതാണ് സിസ്റ്റത്തിന്റെ ശക്തി.
(അഭിമുഖത്തിന്റെ പൂർണരൂപം കാണാൻ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക)