തൊടുപുഴ: ജില്ലയിൽ 500 രൂപയിൽ താഴെ മൂല്യമുള്ള മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമം. വിവിധ ആവശ്യങ്ങൾക്കായി ചെറിയ മുദ്രപത്രങ്ങൾ അന്വേഷിച്ചെത്തുന്ന സാധാരണക്കാർ വൻ തുക മുടക്കേണ്ട അവസ്ഥയാണ്. 50, 100 രൂപയുടെ മുദ്രപത്രങ്ങൾ ഉപയോഗിക്കേണ്ട ഇടപാടുകൾക്കെല്ലാം 500 രൂപ ചെലവഴിക്കേണ്ടി വരുന്നു. ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകർപ്പ്, വിവിധ കരാറുകൾ, മുക്ത്യാർ, വാടകച്ചീട്ട് തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം 50, 100 രൂപ മുദ്രപത്രങ്ങൾ മാത്രം മതിയെന്നിരിക്കെയാണ് അഞ്ചിരട്ടി തുക മുടക്കാൻ ഇടപാടുകാർ നിർബന്ധിതരാകുന്നത്. ആധാരം എഴുത്തുകാരുടെ സംഘടനകൾ പലവട്ടം ഇത് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. പല ട്രഷറികളിലും 1,000 രൂപയുടെ മുദ്രപത്രങ്ങൾ പോലും കിട്ടാനില്ല. മുദ്രപത്ര ക്ഷാമം പരിഹരിക്കുന്നതിന് അഞ്ച്,10, 20 ഡിനോമിനേഷനുള്ള മുദ്രപത്രങ്ങൾ 50, 100 രൂപയുടെ മുദ്രപത്രങ്ങളായി റീവാല്യുവേറ്റ് ചെയ്ത് നൽകുന്നുണ്ടെങ്കിലും ആവശ്യത്തിന്റെ ചെറിയൊരു ഭാഗം നിറവേറ്റാൻ പോലും സാധിക്കുന്നില്ല.
ക്ഷാമം ഇ- സ്റ്റാമ്പിംഗ് വൈകുന്നത്
ഒരു ലക്ഷം രൂപവരെയുള്ള ആധാരം രജിസ്‌ട്രേഷനുള്ള ഇ- സ്റ്റാമ്പിംഗ് പരീക്ഷണം പൂർത്തിയാവും മുമ്പേ, നാസിക്കിലെ പ്രസിൽ നിന്ന് മുദ്രപ്പത്രങ്ങൾ വാങ്ങുന്നത് സർക്കാർ അവസാനിപ്പിച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണം. ഒരു ലക്ഷത്തിന് മുകളിലുള്ള മുദ്രപത്രങ്ങൾ നേരത്തെ തന്നെ ഇ- സ്റ്റാമ്പിലൂടെ ലഭ്യമാക്കിയിരുന്നു. ട്രഷറി വകുപ്പ് സ്റ്റാമ്പ് വെണ്ടർമാർക്ക് രണ്ടുതവണ ഇ- സ്റ്റാമ്പ് എടുക്കുന്നതിനുള്ള പരിശീലനവും നൽകി. എല്ലാ സ്റ്റാമ്പ് വെണ്ടർമാരും കമ്പ്യൂട്ടർ, പ്രിന്റർ, നെറ്റ് കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. തുടർന്ന് രജിസ്‌ട്രേഷൻ മേഖലയിൽ ഇ- സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ കുറഞ്ഞ മൂല്യത്തിലുള്ള ഇ- സ്റ്റാമ്പുകൾ ലഭ്യമായിട്ടില്ല. അതേസമയം നാസിക്, ഹൈദരാബാദ് എന്നിവിടങ്ങളിലെ സെക്യൂരിറ്റി പ്രസുകളിൽ മുദ്രപത്രങ്ങളുടെ പ്രിന്റിംഗ് നിറുത്തിവച്ചു. ഇതോടെയാണ് ചെറിയ ഇടപാടുകൾക്കുള്ള മുദ്രപത്രങ്ങൾക്ക് ക്ഷാമം നേരിട്ടത്.
ഇരട്ടിച്ചെലവ്
ചെറിയ ആവശ്യം നടത്താൻ പോലും മൂല്യം കൂടിയ മുദ്രപത്രം വാങ്ങേണ്ട ഗതികേടിലാണ് ജനം. 50, 100 രൂപ മൂല്യമുള്ള മുദ്ര പേപ്പറുകൾക്ക് ക്ഷാമം ഉള്ളതിനാൽ ഇവയ്ക്ക് പകരം 500 രൂപ മൂല്യമുള്ള മുദ്രപത്രം വാങ്ങേണ്ടി വരുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
സർക്കാർ ഇടപെടണം
ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും പൊതുജന ആവശ്യം മുൻനിറുത്തി ഇക്കാര്യത്തിൽ സർക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്നും ആധാരമെഴുത്തുകാർ ആവശ്യപ്പെട്ടു.
100 രൂപ പത്രം വേണ്ട കരാറുകൾ
വാഹനകരാറുകൾ, വാടക ചീട്ട്, ചിട്ടികൾ, കെ.എസ്.ഇ.ബി കണക്ഷന് വേണ്ട ബോണ്ട്, സമ്മതപത്രം, പഞ്ചായത്തിൽ ബിഡിംഗ് പെർമിറ്റിനു നൽകേണ്ട ബോണ്ട്, സത്യവാങ്മൂലം, തിരുത്തലുകൾ, ബാങ്കകളിലെ വായ്പ ഉടമ്പടികൾ.
50 രൂപ പത്രം വേണ്ട കരാറുകൾ
സ്‌കൂൾ സർട്ടിഫിക്കറ്റ് കോപ്പികൾ, ജനന മരണ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
''മുദ്രപത്രങ്ങൾ കൂടുതലുള്ള മറ്റ് ജില്ലകളിൽ നിന്ന് ഇവിടേക്കെത്തിച്ച് ക്ഷാമം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 100 രൂപയുടെ പതിനായിരം മുദ്രപത്രങ്ങൾ ജില്ലയിലെത്തിച്ചിരുന്നു'
-പി. വേണുഗോപാൽ (ജില്ലാ ട്രഷറി ആഫീസർ)