ഇതുവരെ ലഭിച്ചത് 432 പരാതികൾ
തൊടുപുഴ: ജില്ലയിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ വർദ്ധിക്കുന്നു.ജനുവരി മുതൽ സെപ്തംബർ വരെ വിമൺ പ്രൊട്ടക്ഷൺ ഓഫീസിലും, സർവ്വീസ് പ്രൊവൈഡിംഗ് സെന്ററുകളിലും, സഖി വൺ സ്റ്റോപ്പ് സെന്ററുകളിലുമായി ഇതുവരെ ലഭിച്ചത് നാനൂറിലധികം പരാതികളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അറിയാതെ പോകുന്നതും പൊലീസിന് ലഭിക്കുന്ന പരാതികൾ വേറെയും. സ്ത്രീകളിൽ പലരും പങ്കാളികളിൽ നിന്നോ ഗൃഹങ്ങളിൽ നിന്നോ ഉണ്ടാകുന്ന ദുരനുഭവങ്ങൾ മറച്ചു വെച്ചിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ, ഇന്ന് ആ സ്ഥിതി മാറി. ഇത് മറച്ചുവെക്കേണ്ട കാര്യമല്ല, പുറലോകം അറിയണം എന്ന കാഴ്ചപാടിലേക്ക് എത്തിയിട്ട് നാളേറെയായില്ല.. സ്ത്രീ സുരക്ഷ ലക്ഷ്യമിട്ടുള്ള പല സന്നദ്ധ സംഘടനകളുടെ പ്രവർത്തനവും പല ബോധവത്കരണ പരിപാടികളുമാണ് ഈ കാതലായ മാറ്റത്തിന് കാരണം. ലഹരിയുടെ ഉപയോഗം ജീവിതത്തിലേക്ക് കടന്നു വന്നതോടെ പല കുടുംബങ്ങളുടെയും താളം തെറ്റി. മദ്യപാനം,ലഹരി ഉപയോഗം, മൊബൈൽ ഫോൺ ഇവയെല്ലാം ദമ്പതിമാരുടെ ഇടയിലെ സ്വരച്ചേർച്ച ഇല്ലായ്മക്ക് കാരണമാകുന്നു. ഫലമോ മാനസികവും ശാരീരകവുമായ ദുരനഭുവങ്ങൾ. വിശ്വാസമില്ലായ്മ, സാമ്പത്തിക പ്രതിസന്ധിയും ഗാർഹിക പീഡനത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനപരാതികൾ മറ്റ് ജില്ലകളുമായി നോക്കുമ്പോൾ വളരെ കുറവാണ് എന്ന പ്രത്യേകതയുമുണ്ട്.
പരാതികൾ
(ജനുവരി-സെപ്റ്റംബർ വരെ)
പരാതികളുടെ എണ്ണം-432
2023ൽ ലഭിച്ചത്-564
ഒപ്പമുണ്ട്, പരാതി നൽകാം
ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് വിമൺ പ്രൊട്ടക്ഷൻ ഓഫീസിലോ സഖി വൺ സ്റ്റോപ് സെന്ററുകളിലോ സർവ്വീസ് പ്രൊവൈഡിങ്ങ് സെന്ററിലോ പരാതി നൽകാം. സഖി വൺ സ്റ്റോപ് സെന്ററും വിമൺ പ്രൊട്ടക്ഷൺ ഓഫീസും പൈനാവിലാണ്. തൊടുപുഴ,കുമളി,അടിമാലി,ചെറുതോണി എന്നിവിടങ്ങളിലാണ് സർവ്വീസ് പ്രൊവൈഡിങ്ങ് സെന്ററുകളുമുണ്ട്. ഇവിടെ നിയമസഹായത്തിനായി അഭിഭാഷകരുടെ സേവനും ലഭിക്കും. പ്രൊട്ടക്ഷൻ ഓഫീസ് വഴി മെഡിക്കൽ സഹായം, ഷെൽട്ടർ ഹോം, പുനരധിവാസ സഹായവും ലഭിക്കും. ഇവയെല്ലാം 24 മണിക്കൂറും പ്രവർത്തിക്കുന്നു. അഭയം ആവശ്യമുള്ളവർക്കായി അഞ്ച് ദിവസം ഡബ്ല്യൂ. പി. സിയിൽ തങ്ങാം. ഗാർഹിക പീഡനങ്ങൾ മൂലം വീടുകൾ ഉപേക്ഷിച്ചുവരുന്നവർക്കായി അഭയ ഭവനങ്ങളുമുണ്ട്. കട്ടപ്പന, പൈനാവ് കുയിലിമലയിലുമാണ് ഇവ പ്രവർത്തിക്കുന്നത്. വീട് ഉപേക്ഷിച്ചുവരുന്നവരുടെ ഒപ്പം കുട്ടികളുണ്ടെങ്കിൽ അവർക്കും ഇവിടെ താമസിക്കാം.
മറ്റൊരു സംവിധാനമാണ് മിത്ര. സ്ത്രീകളുടെ സുരക്ഷക്കായി വനിത വികസന കോർപ്പറേഷൻ ആരംഭിച്ച എമർജെൻസി സംവിധാനമാണ്. 181 എന്ന ഹെൽപ്പ് ലൈൻ നമ്പർ വഴി എല്ലാ മേഖലകളിലേക്കും വിവരാന്വേഷണവും അത്യാവശ്യസേവനും ലഭിക്കും.
=വിമൺ പൊട്ടക്ഷൺ ഓഫീസ്- 04862 221722,8281999056.
'ബുദ്ധിമുട്ടുകൾ നേരിടുന്നവർ പരാതി നൽകണം, അതിന് ഭയപ്പെടേണ്ട ആവശ്യമില്ല. 24മണിക്കൂറും പ്രവർത്തനസജ്ജരായി നിങ്ങൾക്കൊപ്പമുണ്ട്.'
(പ്രമീള എ.എസ്, വിമൺ പ്രൊട്ടക്ഷൻ ഓഫീസർ)