തൊടുപുഴ: കെ.എസ്.ആർ.ടി.സിയുടെ വരുമാനം കവർന്നെടുക്കുന്ന തരത്തിൽ തൊടുപുഴ- വണ്ണപ്പുറം- ചേലച്ചുവട് റൂട്ടിൽ അനധികൃതമായി പെർമിറ്റ് സ്വന്തമാക്കിയ സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെ സർവ്വീസ് നടത്തുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) തൊടുപുഴ യൂണിറ്റ് ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇത് തുടർന്നാൽ വരും ദിവസങ്ങളിൽ വൻ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. ജനറൽ ബോഡി യോഗം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. ജോയി ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറി ആർ. ഹരിദാസ് സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.വി. സജിമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.ഐ. സലിം സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അജിഷ് ആർ. പിള്ള സ്വാഗതവും ട്രഷറർ കെ.ആർ. പ്രവീൺ കുമാർ നന്ദിയും ജോയിന്റ് സെക്രട്ടറി പി.ഐ. അഫ്സൽ പ്രമേയ അവതരണവും നടത്തി.