തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭഗവത്ഗീതാ ഭാഷ്യപാരായണാഞ്ജലി 27 മുതൽ ഡിസംബർ ഒന്ന് വരെ നടക്കും. ഹിമാലയത്തിലെ ഉത്തരകാശിയിലെ ഭഗവത്പാദഭക്തമണ്ഡലിയുടെ നേതൃത്വത്തിൽ ആരംഭിച്ച ശങ്കരഭാഷ്യ പാരായണാഞ്ജലിയുടെ പാത പിന്തുടർന്ന്, കേരളത്തിൽ ഒരു ക്ഷേത്രം കേന്ദ്രീകരിച്ചു നടക്കുന്ന രണ്ടാമത്തെ ഭഗവദ്ഗീതാ ഭാഷ്യപാരായണാഞ്ജലിയാണിത്. ഭാഷ്യപാരായണാഞ്ജലിക്ക് മുന്നോടിയായി 3, 10, 17 തീയതികളിൽ ഗീതാപാരായണവും സഹസ്രനാമപാരായണവും വിവിധ നാരായണീയ സമിതികളുടെ ആഭിമുഖ്യത്തിൽ നടത്തും. ഡിസംബർ 24ന് വിവിധ മത്സരങ്ങൾ ആരംഭിക്കും. സംസ്ഥാനതലത്തിൽ നടത്തുന്ന മത്സരത്തിൽ ഭഗവത്ഗീതാ പാരായണ മത്സരം, ഭഗവത്ഗീതാ പ്രശ്‌നോത്തരി, വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം, ചിത്രരചനാ മത്സരം, ക്വിസ് മത്സരം, പ്രസംഗമത്സരം എന്നിവയുണ്ടാകും. പരിപാടികൾക്ക് ആനിക്കാട് നാരായണശർമ്മ, ഡോ. അരുൺ ഭാസ്‌കർ, രാജശേഖരൻ എന്നിവർ നേതൃത്വം നൽകും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് പ്രത്യേക സമ്മാനവും ക്യാഷ് അവാർഡും ഉണ്ടാകും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമായി ബന്ധപ്പെടാം. ഫോൺ: 9495214194. 27ന് ആരംഭിക്കുന്ന ശ്രീമദ് ഭഗവത്ഗീതാ ഭാഷ്യാപാരായണത്തിൽ സന്യാസി ശ്രേഷ്ഠന്മാർ, ആദ്ധ്യാത്മികരംഗത്തെ പണ്ഡിതർ, വിവിധ സർവ്വകലാശാലകളെ പ്രതിനിധീകരിക്കുന്നവർ, കലാസാംസ്‌കാരിക സാമൂഹ്യ അക്കാദമിക് മേഖലയിലെ വിശിഷ്ടവ്യക്തിത്വങ്ങൾ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടാകും. ഭഗവത്ഗീതാ സംബന്ധിയായ വിഷയങ്ങളിൽ ദേശീയ സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കും. പങ്കെടുക്കുന്നവർക്ക് താമസസൗകര്യവും ഭക്ഷണവും ക്രമീകരിക്കുന്നതാണെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റ് എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ, മാനേജർ ബി. ഇന്ദിര, കോ- ഓർഡിനേറ്റർമാരായ സി.സി. കൃഷ്ണൻ, കെ.ആർ. വേണു, ബി. വിജയകുമാർ, അഡ്വ. ശ്രീവിദ്യ രാജേഷ് എന്നിവർ അറിയിച്ചു.