തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ആരംഭിക്കുന്ന സമരപരിപാടികൾക്ക് തുടക്കംകുറിച്ച് 16ന് ചെറുതോണി ടൗൺഹാളിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും​. ഭൂവിഷയങ്ങളിൽ ഇടതുപക്ഷത്തിന്റെ കാപട്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന് ജില്ലയിൽ ജീപ്പ് ജാഥയും മണ്ഡലങ്ങളിൽ വിചാരണ സദസും സംഘടിപ്പിക്കും. പരിപാടികളുടെ വിജയത്തിനായി യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികൾ അഞ്ചിന് ഇടുക്കി, ആറിന് പീരുമേട്ടിലും ദേവികുളത്തും, ഏഴിന് ഉടുമ്പൻചോല, എട്ടിന് തൊടുപുഴ എന്നീ ക്രമത്തിൽ ചേരുന്നതാണെന്ന് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബും അറിയിച്ചു.