
കട്ടപ്പന: ഇന്ത്യാ ചരിത്രത്തിലെ മഹാനായ നവോത്ഥാന നായകൻ, മർദ്ദിത ലക്ഷങ്ങളുടെ അത്യുന്നതിക്കായി ആയുസും വപുസും ഉഴിഞ്ഞിട്ട ധീരത്മാവ്, നീതിക്കായി പടപൊരുതിയ മഹാവിപ്ലവകാരി എന്നിങ്ങനെയുള്ള വിശേഷണങ്ങാൽ ദീപ്തിപരത്തിയ മഹാത്മാവായിരുന്നു ഡോ. പല്പുവെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. മലനാട് യൂത്ത്മൂവ്‌മെന്റ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഡോ. പല്പുവിന്റെ ജന്മവാർഷികദിന സന്ദേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ സ്ഥിതി സമത്വത്തിനും പൗരാവകാശങ്ങൾക്കും നാടിന്റെ പുരോഗതിക്കും വേണ്ടി അക്ഷീണം പ്രയത്നിച്ച മഹാത്യാഗിയായ അദ്ദേഹം വിദേശത്ത് ഉപരിപഠനം സിദ്ധിച്ച കേരളത്തിലെ രണ്ടാമത്തെ ഡോക്ടറായിരുന്നുവെന്നത് അദ്ദേഹത്തിന്റെ മഹത്വം എടുത്തു കാണിക്കുന്നതാണ്. ആരോഗ്യ മേഖല എക്കാലവും ആദരവോടെ സ്മരിക്കേണ്ട മാതൃകാ ഡോക്ടറായി മൈസൂരിലും യൂറോപ്പിലും അദ്ദേഹം ബഹുമാനിക്കപ്പെട്ടു. എങ്കിലും പിറന്ന മണ്ണിൽ താൻ ഉൾപ്പെടുന്ന വിഭാഗങ്ങളെ കഷ്ടതയിൽ നിന്ന് രക്ഷിക്കുന്നതിനും ജീവിതം ദുസഹമാക്കുന്ന സാമൂഹിക ദുരാചാരങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനും അദ്ദേഹം നടത്തിയ നിരന്തരമായ പോരാട്ടങ്ങൾ പുതുതലമുറ മാതൃകയാക്കേണ്ടതാണ്.
യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.. ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഡോ. പല്പുവിന്റെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന, ജന്മദിനസന്ദേശ സമ്മേളനം, അനുസ്മരണ പ്രഭാഷണം എന്നിവ നടന്നു. യോഗത്തിൽ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുബീഷ് വിജയൻ, സെക്രട്ടറി വിഷ്ണു കാവനാൽ, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് കെ.പി. ബിനീഷ്, സൈബർസേന ചെയർമാൻ അരുൺകുമാർ, യൂത്ത്മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി സി.എസ്. അജേഷ് എന്നിവർ പങ്കെടുത്തു.