കട്ടപ്പന :നിരവധിയായ സാധാരണക്കാരായ ജനങ്ങളുടെ ആകെ ആശ്രയമാണ് കട്ടപ്പന താലൂക്ക് ആശുപത്രി. ആശുപത്രിയിലാകെ 12 ഡോക്ടർമാരുടെ തസ്തികളാണ് വേണ്ടത്. അതിൽ പകുതി പേരുടെ സേവനം ലഭ്യമല്ല. അനസ്‌തേഷ്യ വിഭാഗം ഡോക്ടറുടെ അഭാവം മാസങ്ങളായി തുടരുകയായിരുന്നു. ഇതോടെ ഓപ്പറേഷൻ തീറ്ററും അടഞ്ഞു കിടന്നു. ഈ സാഹചര്യത്തിൽ അടിയന്തരഘട്ടത്തിൽ പോലും ഓപ്പറേഷനുകൾക്കായി ആശുപത്രിയിൽ എത്തുന്ന രോഗികൾ മറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടും ഉണ്ടായിരുന്നു.ഇതോടെയാണ് പ്രതിഷേധ പരിപാടികളുമായി കോൺഗ്രസ് രംഗത്ത് വന്നത്. ആദ്യഘട്ടം എന്നവണ്ണം ഒപ്പുകൾ ശേഖരിക്കുകയും മന്ത്രിമാർ,കളക്ടർ, ഡിഎംഒ അടക്കമുള്ള ഉന്നത അധികാരികൾക്ക് നിവേദനം നൽകുകയും ചെയ്തു. എന്നാൽ ഫലം ഉണ്ടായില്ല. തുടർന്ന് നഗരസഭ ചെയർപേഴ്സൺ ബീന ടോമിയുടെ നേതൃത്വത്തിൽ ഡിഎംഒയ്ക്ക് അടക്കം നിവേദനം നൽകുകയും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിളിന്റെ നേതൃത്വത്തിൽ നിരാഹാര സമരം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് അനസ്‌തേഷ്യ വിഭാഗത്തിൽ താൽക്കാലികമായി ഡോക്ടറെ നിയമിച്ചുകൊണ്ട് ഇടുക്കി മെഡിക്കൽ ഓഫീസർ ഉത്തരവിറക്കിയത് . നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ ബിരുദം ഉള്ള ഡോ. മീരാ എസ് ബാബുവിനെ ചൊവ്വ ബുധൻ ദിവസങ്ങളിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സേവന ക്രമീകരണ വ്യവസ്ഥയിൽ നിയമിച്ചു.
പ്രതിഷേധ സമരത്തിന് ഫലം കണ്ടുവെന്നും എന്നാൽ ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും ഡോക്ടർമാരെ നിയമിക്കണം എന്ന ആവശ്യം സർക്കാർ നടപ്പിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ആശുപത്രിയുടെ സുഗമമായ പ്രവർത്തനം സാധ്യമാകുന്നതിന് മുഴുവൻ ഡോക്ടർമാരെയും നിയമിക്കുന്നതുവരെ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ വ്യക്തമാക്കി.