
കട്ടപ്പന : സാധാരണ റോഡരുകിൽ പ്ളാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് നിക്ഷേപപിക്കുന്നത്. എത്ര നടപടി എടുത്താലും ഇതിന് മാറ്റം വരാറില്ല. സാഭാരണ നിക്ഷേപിക്കുന്ന ഇടം ഒന്ന് മാറും അത്രമാത്രം. എന്നാൽ ദേശീയപാതയോരത്ത് മത്സ്യത്തിന്റെയും മാംസത്തിന്റെ വേസ്റ്റ് വെള്ളം ഒഴിക്കുന്നത് പതിവാക്കിയാലോ... അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന ഇടുക്കി റോഡിൽ വെള്ളയാംകുടി എസ് എം എൽ സ്ഥാപനത്തിന് എതിർവശം റോഡരുകിലാണ് സാമൂഹ്യ വിരുദ്ധർ മാലിന്യ ജലം ഒഴുക്കിയത്.ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികളും യാത്രക്കാരുമടക്കം ബുദ്ധിമുട്ടിലായി.
മത്സ്യ മാംസ അവശിഷ്ടമുൾപ്പെടെയുള്ള രക്തമയം കലർന്ന മലിന ജലമാണ് റോഡിൽ ഒഴുക്കിയത്.ഇതോടെ പ്രദേശമാകെ അസഹനീയമായ ദുർഗന്ധം വ്യാപിച്ചിരിക്കുകയാണ്‌കോഴിവേസ്റ്റ് ഉൾപ്പെടെ ഇവിടെ ചിതറി കിടന്നിരുന്നതായും പ്രദേശവാസികൾ പറയുന്നു.
ശനിയാഴ്ച്ച പുലർച്ചെ മൂന്നുമണിയോടെ മത്സ്യഹോൾസെയിലിനു എന്നു തോന്നിക്കുന്ന വലിയ വാഹനം ഇവിടെ നിർത്തിയിട്ടിരിക്കുന്നതായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഈവാഹനത്തിൽ നിന്നും ഒഴുക്കിവിട്ടതാകാം മലിനജലമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം എത്തി പരിശോധന നടത്തി. തുടർന്ന് മലിന ജലം ഒഴുകിയ ഭാഗം മണ്ണിട്ട് മൂടി.
ഇവിടം താവളമാക്കി
വാഹനങ്ങൾ നിർത്തി വേസ്റ്റ് ഒഴുക്കിവിടാൻ ഇവിടം നല്ലൊരു താവളമായാണ് ചിലർ കാണുന്നത്. പുലർച്ചയായതിനാൽ ആരുടെയും ശ്രദ്ധയിലും പെടാറില്ല. ഇവിടെ മലിനജലം ഒഴുക്കുന്നത് പതിവാണെന്നും കഴിഞ്ഞ ആഴ്ചകളിലും ഇതേ സംഭവം ആവർത്തിച്ചതായും, ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവസികളുടെ ആവശ്യം.