alan

കുമളി: അരിയുണ്ടയും എള്ളുണ്ടയും ഒന്നുമല്ല, തൊടുപുഴ ജി.വി.എച്ച്.എസ്.എസിലെ ജെ.യു. അലന്റെ മാസ്റ്റർ പീസ്. മത്തങ്ങ ഉണ്ടയാണ് കക്ഷിയുടെ പാചകക്കസർത്തിലെ വിഭവം. മത്തങ്ങ , ജീരകം പിന്നെ അവൽ. മത്തങ്ങ ഉണ്ടയിലെ ബാക്കി ചേരുവകളുടെ കാര്യം രഹസ്യം. വിവിധതരം കിഴങ്ങുകൾ ചേർത്തുണ്ടാക്കുന്ന പുഴുക്ക്, സ്‌ക്വാഷ്, മധുരമൂറും ജാം, തോരനുകൾ, ഇലയട, പുഡിംഗ്, നെല്ലിക്ക മറാബ് അച്ചാർ, സിറപ്പ്, സൂപ്പ്, തുടങ്ങി 12 ഇനം വിഭവങ്ങൾ അലന്റെ മേശയിൽ ആവി പറന്ന് നിരന്നു. ഒമ്പതും പത്തും തരത്തിൽ രണ്ട് തവണയും പ്ലസ് വണ്ണിൽ ഒരു തവണയും ഒന്നാം സ്ഥാനം നേടിയ അലൻ 2022ലെ സംസ്ഥാനതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഇക്കുറി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി അലൻ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയിട്ടുണ്ട്.