pic

പീരുമേട്: ശബരിമല തീർത്ഥാടന കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സത്രം ഇടത്താവളം അസൗകര്യങ്ങളുടെ നടുവിലാണ്. പരമ്പരാഗത കാനനപാതയായ വണ്ടിപെരിയാർ സത്രം കാനന പാതയാണ് ഇപ്പോഴും അസൗകര്യങ്ങളുടെ നടുവിൽ കഴിയുന്നത്. ശബരിമല സന്നിധാനത്തിലേക്ക് പോകാനുള്ള ഏറ്റവും ദൂരക്കുറവുള്ള പരമ്പരാഗത പാതയായിരുന്നു സത്രം- പുല്ലുമേട് പാത. എന്നാൽ സത്രത്തിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴുമായിട്ടില്ല. രണ്ടു വർഷം മുമ്പ് അന്നത്തെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സത്രം സന്ദർശിച്ചപ്പോൾ ശബരിമല തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുമെന്നും സത്രം പ്രധാന ഇടത്താവളമാക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇപ്പോഴും സത്രത്തിൽ ഇല്ല. ഈ വർഷത്തെ തീർത്ഥാടന കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും സത്രത്തിൽ മുന്നൊരുക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ല. ദേവസ്വം ബോർഡ് തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങളും നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ തീർത്ഥാടന വേളയിൽ അഞ്ച് തീർത്ഥാടകർ ഇവിടെ ഹൃദയഘാതത്തെ തുടർന്ന് മരിച്ചിരുന്നു. വേണ്ടത്ര ഡോക്ടർമാർ, നേഴ്സ്മാർ തുടങ്ങി 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സംവിധാനങ്ങൾ തീർത്ഥാടനം ആരംഭിക്കുമ്പോൾ തന്നെ സത്രത്തിൽ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാണ്. 2011 ജനുവരി 14ന് പുല്ലുമേട് ദുരന്തമുണ്ടായതും ഈ പാതയ്ക്ക് സമീപമാണ്.

കൊടുംകാട്ടിലൂടെ 12 കിലോമീറ്റ‍ർ

ഏകദേശം 12 കിലോ മീറ്റോളം ദൂരമാണ് സത്രത്തിൽ നിന്ന് കൊടുംകാട്ടിലൂടെയടക്കം സന്നിധാനത്തേക്കുള്ളത്. പ്രധാനമായും തെക്കൻ ജില്ലകളിൽ നിന്നുള്ളവരും തമിഴ്നാട്, ആന്ധ്രാ സ്വദേശികളുമാണ് ഇതുവഴി പോകുന്നത്. വണ്ടിപ്പെരിയാറിൽ നിന്ന് അരണക്കല്ല് വഴി സത്രം വരെ ഏകദേശം 12 കി.മീറ്ററോളം ദൂരം വാഹനങ്ങൾ പോകുന്ന വഴിയാണ്. ഇതുവഴി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങൾക്ക് സത്രം വരെ എത്താനാകും. ഇവിടെ നിന്ന് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. വഴിയിൽ വന്യമൃഗങ്ങളുടെ ശല്യവും കാലാവസ്ഥയുടെ പ്രശ്നവും പതിവാണ്.

പാർക്കിംഗിന് ഇടമില്ല

 അയ്യപ്പഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സത്രത്തിൽ വേണ്ടത്ര സ്ഥലമില്ല. ഇത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്ക് എത്തുന്ന തീർത്ഥാടകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ദേവസ്വം ബോർഡിന് ഏക്കർ കണക്കിന് സ്ഥലം വെറുതെ കിടക്കുന്നുണ്ടെങ്കിലും വാഹങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിക്കുന്നുമില്ല.

ശുചിമറി ആവശ്യത്തിനില്ല

 സത്രത്തിൽ ആകെയുള്ളത് ദേവസ്വം ബോർഡിന്റെ അഞ്ച് ശുചിമുറികളാണ്. ഇത് തീർത്ഥാടന കാലത്ത് ആവശ്യത്തിന് തികയുകയുമില്ല. വണ്ടിപ്പെരിയാർ പഞ്ചായത്ത് താത്കാലികമായി പണിതു നൽകിയ 20 ശുചിമുറികൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ പുതിയ ശുചിമറി നിർമ്മിച്ചാലെ ഈ തീർത്ഥാടന കാലത്ത് ഭക്തൻമാർക്ക് പ്രയോജനപ്പെടൂ.

ശുദ്ധജലം കിട്ടാനില്ല

 ശുദ്ധ ജല വിതരണം പലപ്പോഴും സത്രത്തിൽ തകരാറിലാകുന്നുണ്ട്. എപ്പോഴും ശുദ്ധജലവിതരണം നടത്താൻ ഒരു കുഴൽ കിണർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അത് ഇപ്പോഴും നടപ്പിലാക്കായിട്ടില്ല.

വിരി വയ്ക്കാൻ സൗകര്യമില്ല

തീർത്ഥാടകർക്ക് സത്രത്തിൽ വിരി വയ്ക്കാനുള്ള സൗകര്യം ഇല്ല. അസൗകര്യങ്ങളുടെ നടുവിലാണ് വിരിവയ്ക്കുന്നത്. നിലവിലെ വിരിവയ്ക്കാനുള സ്ഥലത്ത് അസൗകര്യങ്ങളാണുള്ളത്.