നഗരത്തിലെ ശൗചാലയങ്ങൾക്ക് പൂട്ട് വീണിട്ട് മാസങ്ങൾ

തൊടുപുഴ: നഗരം ഒരുപാട് വികസിച്ചിട്ടുണ്ട്, കൊച്ചിയുടെ ഉപഗ്രഹ നഗരം എന്നൊക്കെ പേരും പെരുമയുമൊക്കെയുണ്ട്. പക്ഷേ ഒറ്റ പ്രശ്നമേയുള്ളൂ നഗരത്തിലെത്തിയാൽ പൊതുശൗചാലയം അന്വേഷിച്ച് അലഞ്ഞത് തന്നെ. ചിലയിടത്ത് ശൗചാലയം എന്ന ബോർഡുണ്ട്. പക്ഷെ പൂട്ടിയിട്ടിരിക്കുകയാണെന്ന് മാത്രം . അതും മാസങ്ങളായി പ്രവർത്തിക്കാത്തവ. നിത്യേന നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്നത് .എന്നാൽ അവരെ വലക്കുന്ന പ്രശ്നമാണ് ആവശ്യത്തിനുപോലും ശൗചാലയമില്ല എന്നുള്ളത് .നഗരത്തിൽ കൂടുതൽ ആളുകൾ എത്തുന്ന മുൻസിപ്പൽ ബസ്റ്റാന്റിൽ രണ്ടെണ്ണം ഉണ്ട്. പക്ഷേ,​അതിൽ ഒന്ന്മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. മറ്റൊന്ന് കൂടുതൽ സൗകര്യമൊരുക്കാൻ പണിതതാണ്,​ പക്ഷേ എന്ന് തുറന്ന് പ്രവർത്തിക്കുമെന്നത് ആർക്കുമറിയില്ല. ലക്ഷക്കണക്കിന് രൂപ മുതൽ മുടക്കി നിർമ്മിച്ചതാണ് ആർക്കും ഒരു ഉപകാരവുമില്ലാതെ നശിച്ചുപോകുന്നത്. ബാക്കിനിൽക്കുന്ന എന്തെങ്കിലും അറ്റകുറ്റപ്പണിയുണ്ടെങ്കിൽ അത് ഉടൻ പൂർത്തീകരിച്ച് പ്രവർത്തനസജ്ജമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പ്രവർത്തിക്കുന്ന ഒന്നിന്റെ കാര്യമാണെങ്കിൽ പിന്നെ പറയേണ്ട,​ എത്ര ദൂരത്തിൽ ബസ് സ്റ്റാന്റ് പരിസരത്തുകൂടി പോയാലും ദുർഗന്ധം യാത്രക്കാരുടെ അടുക്കൽ വരെ എത്തും. ഇതാണ് അവസ്ഥ. ഗത്യന്തരമില്ലാതെ പലരും പൈസ നൽകി ഉപയോഗിക്കുകയാണ്. മുൻസിപ്പൽ പാർക്കിന് സമീപമുള്ളതും തഥൈവ. അറ്റകുറ്റപ്പണി നടത്താനായി അടച്ചതാണ്. ഇതുവരെ തുറന്നിട്ടില്ല. അതിന്റെ ജനൽ ചില്ലുകൾ തകർന്നും നിലത്തെ ടൈലുകൾ പോലും അറ്റകുറ്റപണികൾ കാത്ത് കിടക്കുകയാണ്. ഇതിന് സമീപം പ്രവർത്തിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അനവധി സ്ത്രീകളും കുട്ടികളും പ്രായമായവരും നിത്യേന പലയിടങ്ങളിൽ പോകാൻ കാത്തുനിൽക്കുന്നവരാണ്. ദൂരെദേശത്ത് നിന്നുപോലും നഗരത്തിലെത്തുന്നവർ ബുദ്ധിമുട്ടുകയാണ്,​എന്നിട്ടും ഇത് വരെ അത് തുറന്നു പ്രവർത്തിക്കാനുള്ള നീക്കം ഇഴഞ്ഞു നീങ്ങുകയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരാണ് ശുചിമുറിക്ക് കേടുപാടുകൾ വരുത്തുന്നതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. നിരവധി നഗരസഭ കൗൺസിലിൽ ഉൾപ്പെടെ വിഷയം ചർച്ചയ്ക്ക് വെച്ചതുമാണ്.

'പൊതുശൗചാലയങ്ങൾ പലതും അടഞ്ഞ് കിടക്കുന്നത് മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നു. അത് ഉപയോഗപ്രദമാക്കാനുള്ള നടപടികൾ സ്വീകരിക്കണം'

(പി.ജി. രാജശേഖരൻ,​ 23ാം വാർഡ് കൗൺസിലർ)​

പൂട്ടിയിട്ട് എട്ട്മാസം

തൊടുപുഴ നഗരത്തിൽ ആകെയുള്ളത് നാല് ശുചിമുറിയാണുള്ളത്. അത് എല്ലാം പ്രവർത്തനരഹിതമായിരിക്കുകയാണ്. ടൗൺഹാളിന് സമീപമുള്ളിടത്ത് ഒരു ബ്ലോക്കിൽ പോലും പ്രവർത്തിക്കുന്നത് ഒന്നോ രണ്ടോ എണ്ണം മാത്രംമാണ്. ഇതെല്ലാം പരിഹരിക്കാനായി ഇരുപത് ലക്ഷം രൂപമുടക്കി മുൻസിപ്പൽ ബസ്റ്റാന്റിൽ പണിത് ഉദ്ഘാടനം നടത്തിയതല്ലാതെ പ്രവർത്തിച്ചിട്ടില്ല. ഇതാണ് അവസ്ഥ. നഗരത്തിലെത്തുന്നവരിൽ പലരും ശൗചാലയം കണ്ട് പ്രവേശിക്കുമ്പോഴാണ് പ്രവർത്തിക്കുന്നില്ല എന്ന കാര്യം മനസ്സിലാക്കി തിരികെ ഇറങ്ങിപ്പോകുന്നത്. അറ്റകുറ്റപണിക്കായി പൂട്ടിയിട്ടതാണ് നഗരസഭ പാർക്കിനോട് ചേർന്നിരിക്കുന്ന ശൗചാലയം. അത് അട‍‌ഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് എട്ട് മാസങ്ങൾ കഴിഞ്ഞു. സ്വീവേജ് ടാങ്കിന്റെ നിർമ്മാണം നടന്നാലേ പ്രവർത്തന സജ്ജമാകൂ. അതിന്റെ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല. എന്തായാലും ഈ മെല്ലെപ്പോക്ക് മൂലം വലയുന്നതോ പാവം ജനങ്ങളും