 
കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുളാധിഷ്ഠിത നിർമ്മാണ ശില്പശാലയിൽ നെയ്ത്ത് പരിശീലനം നൽകിയത് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അനന്തു രാജേഷ്. പത്താം ക്ലാസിലെ കുട്ടികൾക്കായി മുള ഉപയോഗിച്ചുള്ള നെയ്ത്ത് പരിശീലനം നൽകിയത്. മുളയിൽ തീർത്ത പരമ്പ്, കുട്ട, കസേര, നക്ഷത്രം, പൂക്കൂട തുടങ്ങിയവ നിർമ്മിക്കാനാണ് പരിശീലനം നൽകിയത്. മുളകൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന മത്സരത്തിൽ കട്ടപ്പന ഉപജില്ലാ കലോത്സവത്തിൽ അനന്തുവിന് സമ്മാനം ലഭിച്ചിട്ടുണ്ട്. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ശില്പശാല ഉദ്ഘാടനം ചെയ്തു. കൗൺസിലർ സോണിയ ജയ്‌ബി, സ്കൂൾ പ്രൻസിപ്പൽ കെ.എൽ. സുരേഷ് കൃഷ്ണൻ, ഹെഡ്‌മാസ്റ്റർ മുനിസ്വാമി, സോഷ്യൽ സർവീസ് കോ- ഓർഡിനേറ്റർ ലിൻസി ജോർജ്, സി.വി. ശ്രീജ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളായ ദേവുപ്രിയ ശശി, സൗമ്യ സന്തോഷ്, ജിഷ്ണു മനോജ് എന്നിവർ നേതൃത്വം നൽകി.