പീരുമേട്: റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതിനെ തുടർന്ന് വീട് അപകടാവസ്ഥയിൽ. പള്ളിക്കുന്ന് പുതുവലിൽ പേച്ചി അമ്മാൾ ഭവനിൽ കരുണാനിധിയുടെ വീടാണ് മണ്ണിടിച്ചിൽ ഭീഷണിയിലായിരിക്കുന്നത്. ദിവസങ്ങൾ കടന്നു പോകുമ്പോൾ റോഡിന്റെ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞു വീഴുകയാണ്. ഇതോടെ ജീവനിൽ ഭയന്നാണ് വീട്ടുകാർ കഴിയുന്നത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കൂടുതലായി മണ്ണ് ഇടിയുന്നുണ്ട്. പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രധാന റോഡാണിത്. മഴ ശക്തമാകുമ്പോൾ കൂടുതൽ മണ്ണിടിയാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഇതിനാൽ രാത്രി സമയങ്ങളിൽ ഭീതിയോടെ വേണം ഈ കുടുംബം കഴിയാൻ. മണ്ണിടിയുന്ന ഭാഗത്ത് അടിയന്തരമായി ഒരു സംരക്ഷണഭിത്തി നിർമ്മിച്ചാൽ അപകട ഭീഷണിക്ക് പരിഹാരം ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.