കുമളി: റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെയും മലങ്കര ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് മുൻ എം.എൽ.എ എ.കെ . മണി ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ സേവറിയോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ക്യാമ്പ്. രജിസ്റ്റർ ചെയ്ത മുഴവൻ പേർക്കും രോഗ പരിശോധനയും ചികിത്സാ നിർണ്ണയവും ലഭ്യമാക്കി. പ്രമുഖ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ദ്ധൻ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ക്യാമ്പിനെത്തിയത്. സുജിത്ത് ജോസ്, ഫാ. ബിജു ആൻഡ്രൂസ്, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആൻസൽ പുതുമന, വത്സമ്മ ജയപ്രകാശ്, പി.ആർ. അയ്യപ്പൻ, ഡോ. രൂപക് ഫ്രാൻസിസ്, ദീപാ ജോൺ എന്നിവർ പ്രസംഗിച്ചു. ആയിരത്തഞ്ഞൂറോളം പേർ പങ്കെടുത്തു.