കട്ടപ്പന: ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കട്ടപ്പന സംഗീത ജംഗ്ഷന് സമീപമായിരുന്നു സംഭവം. വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്നയാൾ ലോട്ടറി വില്പനക്കാരിയായ തൂക്കുപാലം സ്വദേശി വെട്ടത്ത് കിഴക്കേതിൽ ഗീതയുടെ പക്കൽ നിന്ന് അഞ്ച് സെറ്റ് ലോട്ടറി കബളിപ്പിച്ച് കൈക്കലാക്കുകയായിരുന്നു. ആദ്യം 300 രൂപ നൽകുകയും ബാക്കി പണം തരാമെന്ന് പറയുകയും ചെയ്തു. ഇതിനിടെ ഗീതയുടെ കൈയിലുള്ള ടിക്കറ്റ് വാങ്ങാൻ വേറെ ഒരാൾ വന്നു. ഈ സമയത്ത് ഇതു വഴി വന്ന ഓട്ടോയിൽ കയറി ഇയാൾ കടക്കുകയായിരുന്നു. സമീപത്തെ സി.സി ടി.വി ക്യാമറയിൽ പതിഞ്ഞ ഇയാളുടെ ചിത്രം പൊലീസിന് കൈമാറി. സംഭവത്തിൽ ഗീത കട്ടപ്പന പൊലീസിൽ പരാതി നൽകി. ശാരീരിക ബുദ്ധിമുട്ടുകൾ മൂലമാണ് ഗീത ഏഴ് വർഷമായി ലോട്ടറി വിറ്റ് ജീവിതം തള്ളി നീക്കുന്നത്. ഒരോ ദിവസവും ഏജൻസിയിൽ നിന്ന് ടിക്കറ്റുകൾ കടമായി വാങ്ങി വിൽപന നടത്തിയ ശേഷമാണ് പണം നൽകുന്നത്. 60 ടിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ വലിയ പ്രതിസന്ധിയാണ് നേരിട്ടിരിക്കുന്നത്. തൂക്കുപാലം സുവർണ്ണ ലോട്ടറി ഏജൻസിയുടെ AJ 469860, AJ 469862, AJ 469864, AJ 469866, AJ 469868 എന്നീ നമ്പരുകളിലുള്ള അഞ്ച് സെറ്റ് ടിക്കറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.