thommankuth
വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ യുവതിയെ യുവാവിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരും,​ ഗൈഡുകളും രക്ഷപ്പെടുത്തുന്നു

തൊടുപുഴ: കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തിയതിനെ തുടർന്ന് തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം സഞ്ചാരികൾ കുടുങ്ങി. വനം വകുപ്പും ടൂറിസ്റ്റ് ഗൈഡുകളും നാട്ടുകാരും ചേർന്ന് ഇവരെ രക്ഷപെടുത്തി. വൈകിട്ട് നാലരയോടെ തൊമ്മൻകുത്ത് ഏഴ് നില കുത്തിന് സമീപമായിരുന്നു സംഭവം. അവധി ദിനമായിരുന്നതിനാൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. അപകട സമയം നൂറിലധികം പേർ വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. വെള്ളച്ചാട്ടത്തിന് സമീപം മഴയില്ലായിരുന്നെങ്കിലും ഇവിടേക്കുള്ള വെള്ളം ഒഴുകിയെത്തുന്ന മലനിരകളായ വെൺമണി, പാൽക്കുളംമേട്, മനയത്തടം എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇവിടങ്ങളിൽ നിന്നുള്ള മലവെള്ളം അപ്രതീക്ഷിതമായി കുത്തിയൊലിച്ച് വെള്ളച്ചാട്ടത്തിലേക്കെത്തുകയായിരുന്നു. ഈ സമയം വെള്ളച്ചാട്ടത്തിന് താഴെയുള്ള ചെറിയ തുരുത്തിൽ ഫോട്ടോ എടുക്കുന്നതിനും കാഴ്ച കാണുന്നതിനുമായി നിരവധിയാളുകളുമുണ്ടായിരുന്നു. മലവെള്ളത്തിൻ്റെ ശക്തി കൂടി വരുന്നതിനിടെ ചിലർ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി മറുകരയിൽ നിന്നവരുടെ സഹായത്തോടെ രക്ഷപെട്ടു. എന്നാൽ അവിടെയുണ്ടായിരുന്ന യുവാവും യുവതിയും കുടുങ്ങിപ്പോയി. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡുകളും സ്ഥലത്തേക്കെത്തി. ഗോവണി വച്ച് സമീപത്തെ മരത്തിലൂടെ കയറി ഇരുവർക്കും സമീപമെത്തി. തുടർന്ന് സാഹസികമായി ഇരുവരെയും മരത്തിലേക്ക് കയറ്റി ഗോവണി വഴി മറുകരയിൽ എത്തിച്ചാണ് രക്ഷപെടുത്തിയത്.

സൂക്ഷിച്ചില്ലെങ്കിൽ അപകടം

പ്രദേശത്ത് മഴ ഇല്ലെങ്കിലും ഇവിടേക്കുള്ള വെള്ളത്തിൻ്റെ സ്രോതസുകളായ മല നിരകളിൽ മഴ പെയ്താൽ വെള്ളച്ചാട്ടത്തിലേക്ക് അനിയന്ത്രിതമായ തോതിൽ വെള്ളം കുത്തിയൊലിച്ചെത്തും. നീരൊഴുക്ക് വർദ്ധിച്ചപ്പോൾ തന്നെ തുരുത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗം ആളുകളും കരയിലേക്ക് രക്ഷപെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്. മുമ്പ് തൊമ്മൻകുത്തിന് സമീപത്തെ വെള്ളച്ചാട്ടമായ ആനയാടിക്കുത്തിലും സമാനമായ രീതിയിൽ സഞ്ചാരികൾ കുടുങ്ങിയിരുന്നു.