muttom
മുട്ടം- ഈരാറ്റുപേട്ട റൂട്ടില്‍ തോട്ടുങ്കര ഭാഗത്തെ മൂടാത്ത അപകടക്കുഴി

മുട്ടം: മുട്ടം ഈരാറ്റുപേട്ട റൂട്ടിൽ തോട്ടുങ്കര ഭാഗത്തെ അപകട കുഴി മൂടാത്തതിൽ വ്യാപകമായ പ്രതിഷേധം. നൂറ് കണക്കിന് വാഹനങ്ങൾ നിത്യവും കടന്ന് പോകുന്ന വഴിയാണിത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കുഴി രൂപപ്പെട്ടത്. സമീപത്തുണ്ടായിരുന്ന സൂചനാ ബോർഡ് ഇറക്കിവെച്ച ശേഷം കാടും വള്ളിപ്പടർപ്പും ഇട്ട് അധികൃതർ കൈയൊഴിഞ്ഞു. കുഴിയുടെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി തവണ പൊതുമരാമത്ത് അധികൃതർക്ക് പരാതികൾ നൽകിയിട്ടും നടപടികളായില്ല. ഇത് സംബന്ധിച്ച് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വീതി കുറഞ്ഞ വളവിലാണ് അപകടക്കുഴി. ജല ജീവൻ മിഷന്റെ കുടിവെള്ള പദ്ധതിക്കായി റോഡിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇത് വഴിയുളള വാഹന ഗതാഗതം ഏറെ അപകടാവസ്ഥയിലാണ്. പ്രശ്ന പരിഹാരത്തിന് ജനപ്രതിനിധികൾ ഉൾപ്പടെയുള്ള അധികൃതർ അടിയന്തര ഇടപെടലുകൾ നടത്തിയില്ലെങ്കിൽ വഴി തടയൽ ഉൾപ്പടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.