തൊടുപുഴ: കേരള ഐ.ടി ആന്റ് പ്രൊഫഷണൽ കോൺഗ്രസിന്റെയും ഗാന്ധിജി സ്റ്റഡി സെന്ററിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ദിശ' സിവിൽ സർവീസ് പരിശീലന പദ്ധതി പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സി.എൻ.എൻ ചേഞ്ച്‌ മേക്കർ ഓഫ് ഇന്ത്യ അവാർഡ് ജേതാവും അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാദമി ഡയറക്ടറുമായ ഡോ. ജോബിൻ എസ്. കൊട്ടാരം ക്ലാസ് നയിച്ചു. അടുത്ത 10 വർഷത്തിനുള്ളിൽ തൊടുപുഴ നിയോജകമണ്ഡലത്തിൽ നിന്ന് നിരവധി സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരെയും വാർത്തെടുക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ പി.ജെ. ജോസഫ് എം.എൽ.എ നടപ്പിലാക്കുന്ന സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയാണ് 'ദിശ.' കേരള ഐ.ടി ആന്റ് പ്രൊഫഷണൽ കോൺഗ്രസും ഗാന്ധിജി സ്റ്റഡി സെന്ററും തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അബ്സല്യൂട്ട് ഐ.എ.എസ് അക്കാഡമിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 75 സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികളാണ് പരിശീലന പരിപാടിയുടെ ഭാഗമാകുന്നത്.