ചെറുതോണി: 71-ാമത് സംസ്ഥാന സീനിയർ പുരുഷ ഗുസ്തി മത്സരത്തിൽ എറണാകുളവും 26-ാമത് സംസ്ഥാന സീനിയർ വനിതാ ഗുസ്തിമത്സരത്തിൽ കൊല്ലവും ചാമ്പ്യൻമാരായി. പുരുഷ വിഭാഗം ഗുസ്തി മത്സരത്തിൽ രണ്ടാം സ്ഥാനം പാലക്കാടും മൂന്നാം സ്ഥാനം കാസർഗോഡ് ജില്ലയും നേടി. വനിതകളുടെ ഗുസ്തി മത്സരത്തിൽ യഥാക്രമം തിരുവനന്തപുരവും കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജില്ലാ ആസ്ഥാനത്ത് നടന്നുവന്ന മത്സരങ്ങളാണ് ഞായറാഴ്ച സമാപിച്ചത്. 14 ജില്ലകളിൽ നിന്നുള്ള 800ലധികം പേർ മത്സരങ്ങളിൽ പങ്കെടുത്തു. ഞായറാഴ്ച നടന്ന വനിതാ ഗുസ്തി മത്സരങ്ങൾ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ റസ്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് ജയിൻ അഗസ്റ്റിൻ അദ്ധ്യക്ഷനായി.