pipe

തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ കനാൽ റോഡിന് സമീപം പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ഒരു മാസത്തിലേറെയായി ഇവിടത്തെ പ്രദേശവാസികൾ ദുരിതത്തിലാണ്. കനാൽ പാലത്തിലെ ശുദ്ധജലപൈപ്പ് പൊട്ടിയതാണ് കാരണം. ജി.ഐ പൈപ്പാണ് പൊട്ടിയിരിക്കുന്നത്. നാട്ടുകാരുടെയും പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലിനെ തുടർന്ന് ജലഅതോറിട്ടി വകുപ്പ് അധികൃതർ വന്ന് പൈപ്പിന്റെ പൊട്ടിയ ഭാഗം അടച്ചിരുന്നു. എന്നാൽ​ ഒഴുകി വന്ന ജലത്തിന്റെ സമ്മ‌ർദ്ദത്തെ തുടർന്ന് ദിവസങ്ങൾക്കുള്ളിൽ വീണ്ടും പൈപ്പ് പൊട്ടിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗമായതിനാൽ വാഹനങ്ങൾ അതിന് മുകളിലൂടെ ചിലപ്പോൾ കടന്നു പോകുമ്പോഴും അത് പൊട്ടും. കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഇവിടത്തെ വെള്ളത്തെ ആശ്രയിക്കുന്നവരുമുണ്ട്. റോഡിനോട് ചേർന്നുള്ള പൈപ്പായതിനാൽ കാൽനടയാത്ര ചെയ്യുന്നവരുടെയടക്കം ദേഹത്ത് എതിരെ വരുന്ന വാഹനങ്ങളിൽ നിന്നടക്കം ചെളി തെറിക്കും. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

'പൈപ്പ് പൊട്ടുന്നതുമൂലം വളരെ ബുദ്ധിമുട്ടാണ് നേരിടുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം.'

-ടി.കെ. മുഹമ്മദ്,​ പ്രദേശവാസി

'ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഈ പ്രശ്നം പലതവണ ജലഅതോറിട്ടി അധികൃതരെ അറിയിച്ചതാണ്. ഈ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി ജനങ്ങളുടെ ബുദ്ധിമുട്ടിന് ഉടനടി നടപടി സ്വീകരിക്കണം'

-ഷെമീന നാസർ,​ വാർഡ് കൗൺസിലർ