വണ്ണപ്പുറം: തീർത്ഥാടകരുമായി വന്ന ടൂറിസ്റ്റ് ബസ് വഴിയിൽ കുടുങ്ങിയതിനെ തുടർന്ന് വണ്ണപ്പുറം- ചേലച്ചുവട് റോഡിൽ രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി. ഞായറാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. അണക്കര ധ്യാനകേന്ദ്രത്തിലേയ്ക്ക് തീർത്ഥാടകരുമായി കോതമംഗലത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസ് വണ്ണപ്പുറം വഴി പോകുന്നതിനിടെ കള്ളിപ്പാറയിലെത്തിയപ്പോൾ ബസിന്റെ ബാറ്ററി ഡൗണായി. തുടർന്ന് വാഹനം റോഡിൽ നിന്നുപോയി. വാഹനത്തിന്റെ ലൈറ്റുകളും പ്രവർത്തിച്ചില്ല. ഇതുമൂലം വണ്ണപ്പുറം മുതൽ വെൺമണി വരെയുള്ള റോഡിലൂടെ വാഹനഗതാഗതം പൂർണ്ണമായി നിലച്ചു. റോഡിൽ തടസ്സം ഉണ്ടായതോടെ ചില വാഹനങ്ങൾ പട്ടയക്കുടി വഴി തിരിഞ്ഞ് മുള്ളരിങ്ങാട്- കോട്ടപ്പാറ വഴിയാണ് വണ്ണപ്പുറത്ത് എത്തിയത്. വണ്ണപ്പുറം- ചേലച്ചുവട് റോഡിന് വീതിയില്ലാത്തതും ഗതാഗതതടസ്സം ഉണ്ടായാൽ വാഹനങ്ങൾ തിരിച്ചുവിടാൻ സമാന്തര പാതയില്ലാത്തതും പ്രശ്നമാണ്.