
കട്ടപ്പന : നഗരസഭയുടെ പുളിയൻമലയിലെ മാലിന്യ സംസ്‌കരണ ശാലയിൽ വർഷങ്ങളായി കുന്നു കൂട്ടി ഇട്ടിരിക്കുന്ന ടൺകണക്കിന് മാലിന്യം നീക്കം ചെയ്യാൻ നടപടി പൂർത്തീകരിച്ച് 3 മാസങ്ങൾ പിന്നിട്ടിട്ടുംനടപടിയായില്ല. നഗരസഭയിലെ ലെഗസി മാലിന്യം നീക്കാൻടെണ്ടർ 77 ലക്ഷം രൂപയുടെ ടെണ്ടർ വിളിച്ച് കരാർ ഒപ്പിട്ടിട്ട് മൂന്നു മാസം പിന്നിട്ടു. ഘട്ടം ഘട്ടമായി ഇവിടെ നിന്നും മാലിനും നീക്കം ചെയ്യുമെന്നാണ് നഗരസഭ അന്നറിയിച്ചിരുന്നത്. എന്നാലിതുവരെ യാതൊരു നീക്കവും ഉണ്ടായില്ലെന്നു മാത്രമല്ല, പച്ചക്കറി, ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും ഉൾപ്പെടെ വീണ്ടും ഇവിടെ നിക്ഷേപിക്കുന്നത് തുടരുകയാണ്. ഇതിനോടു ചേർന്നു തന്നെയാണ് നഗരസഭയുടെ അറവുശാലയും പ്രവർത്തിക്കുന്നത്. മാലിന്യ ശാലക്കു സമീപം ഭക്ഷ്യോൽപ്പന്ന , മാംസോത്പ്പാദന പ്രോസസിംഗ് നടത്തുന്നത് അനുവദനീയമല്ലെങ്കിലും ഇവിടെ ഇപ്പോഴും തുടരുകയാണ്. അറവുശാല അടച്ചിട്ടു കൊണ്ട് നവീകരണത്തിനായി കൗൺസിൽ തീരുമാനമെടുത്തെങ്കിലും മാലിനകേന്ദ്രത്തിനു സമീപമുള്ള പ്രവർത്തനം ഓഡിറ്റ് ഒബ്ജക്ഷന് തന്നെ കാരണമാകുമെന്ന് ആശങ്കയും നിലനിൽക്കുന്നു.
കാൽ നൂറ്റാണ്ട് മുമ്പാണ് കട്ടപ്പന പഞ്ചായത്ത് മാലിന്യ സംസ്‌കരണത്തിന് പുളിയന്മല 7 മുക്കിൽ ഭൂമി വാങ്ങി സംസ്‌കരണ യൂണിറ്റ് സ്ഥാപിച്ചത്. തുടർന്ന് സംസ്‌കരണം നടന്നുവെങ്കിലും വലിയ പരാതികളാണിവിടെ നിന്നും ഉയർന്നത്. പഞ്ചായത്ത് നഗരസഭയായപ്പോഴും പരാതിക്ക് കുറവൊന്നും സംഭവിച്ചില്ലന്ന് മാത്രമല്ല ശേഖരിച്ചു തള്ളിയ മാലിന്യങ്ങൾ മാലിന്യ മലയായി രൂപപ്പെട്ടു. പ്രശ്നപരിഹാരത്തിനായി ഇവിടെയെത്തുന്ന മാലിന്യം വേർതിരിച്ച് പ്ലാസ്റ്റിക് ഗ്രീൻ കേരളക്കും ജൈവ മാലിന്യം സംസ്തരിക്കാനും പദ്ധതിയിട്ടു. 2017 ൽ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റും ഇവിടെ പ്രവർത്തനം ആരംഭിച്ചുവെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല .
ബ്രഹ്മപുരം തീപിടുത്തം സംഭവം ഉണ്ടായതോടെ ജനങ്ങളുടെ പരാതിപ്രകാരം കേന്ദ്രസംഘം അന്വേഷണം നടത്തി മാലിന്യം നീക്കാൻ നഗരസഭയോട് നിർദ്ദേശിച്ചു. ഇതിനായി 68 ലക്ഷം രൂപ നഗരസഭ നീക്കിവച്ചുവെങ്കിലും തുക തികയില്ലെന്ന കാരണത്താൽ കരാറുകാർ പിൻ വാങ്ങി.
2023 24 സാമ്പത്തിക വർഷം പുളിയന്മലയിലെ മാലിന്യം നീക്കം ചെയ്യാൻ കട്ടപ്പന നഗരസഭ 84 ലക്ഷം രൂപ നീക്കിവച്ചു.
പിന്നീട് പല കൗൺസിലിൽ യോഗങ്ങളിലും ചർച്ചയാകുകയും ടെണ്ടർ നല്കുന്നതിലെ അപാകതകളെ ചൊല്ലി ഭരണ പ്രതിപക്ഷങ്ങളുടെ വാക്കുതർക്കവും പതിവായിരുന്നു.വർഷങ്ങൾ പഴക്കമുള്ള മാലിന്യമാണ് ഇവിടെ കുന്ന് കൂടിയിരുന്നത് .കൃത്യ സമയത്ത് ഇവ നീക്കം ചെയ്യാത്തതിനാൽ സാംക്രമിക രോഗ ഭീഷണി അടക്കം നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. ഇതോടെയാണ് മാലിന്യ നീക്കത്തിന് നഗരസഭ അടിയന്തിര നടപടി സ്വീകരിച്ച് ടെണ്ടർ നടപടികളും കരാറുമെല്ലാം പൂർത്തീകരിച്ചത്. പിന്നീട് 3 മാസം കഴിഞ്ഞിട്ടും ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്യാൻ കരാറുകാരൻ തയ്യാറായിട്ടില്ല.
ഈ ആഴ്ച തന്നെ മാലിനും നീക്കം ചെയ്യുമെന്നാണ് നഗരസഭയുടെ വിശദീകരണം.