post
അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിയ തൊടുപുഴ സോർട്ടിങ് ഓഫീസ്

തൊടുപുഴ: ജില്ലയുടെ ഒരേ ഒരു പോസ്റ്റൽ സോർട്ടിങ് ഓഫീസ് അടച്ചുപൂട്ടലിന്റെ വക്കിൽ. രാജ്യത്ത് നടപ്പാക്കാൻ പോകുന്ന രജിസ്റ്റേർഡ്‌, സ്പീഡ് പോസ്റ്റ്‌ ഓഫീസുകളുടെ ലയനത്തെ തുടർന്നാണ് തൊടുപുഴ സോർട്ടിങ് ഓഫീസും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത്. ലയനനടപടികൾ പൂർത്തിയാക്കുന്നത്തോടെയാണ് തൊടുപുഴ സോർട്ടിങ് ഓഫീസും ഒപ്പം മറ്റു പതിനൊന്ന് ആർ.എം.എസ് ഓഫീസുകളും അടച്ചു പൂട്ടലിന്റെ

നിലയിലേക്കെത്തിയത്. സ്പീഡ് പോസ്റ്റ്‌, പാർസൽ ഉരുപ്പടികളുടെ സോർട്ടിങ് നേരത്തെ തന്നെ തൊടുപുഴയിൽ നിന്നും കൊച്ചിയിലേക്ക് മാറ്റിയിരുന്നു. ഇത് മൂലം ഇപ്പോൾത്തന്നെ ജില്ലയിൽ ഇത്തരം ഉരുപ്പടികൾ വിതരണത്തിൽ കാലതാമസം നേരിടുകയാണ്. രജിസ്റ്റേർഡ്‌, ഓർഡിനറി തപാലും ഇത്തരത്തിൽ മാറ്റി ഓഫീസ് പൂർണമായി അടച്ചു പൂട്ടനാണ് ഇപ്പോൾ നീക്കം. ഇതോടെ മൂവാറ്റുപുഴ, തൊടുപുഴ, കുമളി, കട്ടപ്പന, മൂന്നാർ തുടങ്ങി ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ മേഖലകളിൽ തപാൽ വിതരണത്തിന്റെ കാര്യക്ഷമത ഗണ്യമായി കുറയും. ഈ മേഖലകളിൽ നിന്നും പുറത്തേക്ക് അയക്കുന്ന തപാലും ഇത്തരത്തിൽ താമസം നേരിടുന്ന സാഹചര്യം ഉണ്ടാകും. ഡിസംബർ എഴോടെ ഉത്തരവ് നടപ്പാക്കാനാണ് തീരുമാനം. ഇതോടെ രാജ്യത്ത് ഇല്ലാതാവുന്ന 216 ആർ.എം.എസ് ഓഫീസുകളോടൊപ്പം തൊടുപുഴ സോർട്ടിങ് ഓഫീസും ഓർമയായി മാറും. 30 വർഷമായി തൊടുപുഴയിൽ പ്രവർത്തിച്ചു വരുന്ന ഓഫീസ് ഇല്ലാതാവുന്നതോടെ രാത്രിയിൽ ഉൾപ്പെടെ ലഭ്യമായിരുന്ന ബുക്കിങ് കൗണ്ടർ സേവനങ്ങളും ജില്ലക്ക് നഷ്ടമാവും സ്പീഡ് പോസ്റ്റ്‌ പ്രോസസ്സിംഗ് സെന്റർ (ഐ.സി.എച്ച്) തൊടുപുഴക്ക് അനുവദിക്കണമെന്നും, ഓഫീസ് അടച്ചു പൂട്ടാനുള്ള തീരുമാനം ഉപേക്ഷിച്ചു കൂടുതൽ ശാക്തീകരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നുമാണ് ആവശ്യം. അങ്ങനെയെങ്കിൽ സ്പീഡ് പോസ്റ്റ്‌ ഉൾപ്പെടെയുള്ള ഉരുപ്പടികളുടെ പ്രോസസ്സിംഗ് തൊടുപുഴ കേന്ദ്രീകരിച്ചു തന്നെ നടത്താൻ സാധിക്കുകയും, ജില്ലക്ക് മികച്ച തപാൽ സേവനം ഉറപ്പാക്കുകയും ചെയ്യും.