pic

പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

കട്ടപ്പന :ശക്തമായ മഴയെ തുടർന്ന് തകർന്ന ഇരട്ടയാർ ശാന്തി ഗ്രാം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി ഇനിയും നിർമ്മാണം പൂർത്തിയായില്ല. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു. ഒക്ടോബർ ഏഴിനാണ് അപ്രോച്ച് റോഡ് തകർന്നത്. നിരവധി പ്രതിഷേധങ്ങൾ അടക്കം ഉയർന്ന് വന്നതോടെ വിവിധ ജനപ്രതിനിധികളെത്തി ഫണ്ടുകൾ വാഗ്ദാനം ചെയ്യുകയും ഉടൻ അപകടാവസ്ഥ പരിഹരിക്കും എന്ന ഉറപ്പ് നൽകുകയും ചെയ്തു. ഇതേ തുടർന്ന് അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നു. എന്നാൽ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനം നടത്തി പാലത്തിന്റെ താഴ്ഭാഗത്തെ മണ്ണ് മാറ്റിയതല്ലാതെ തുടർന്നുള്ള പണികൾ ഉണ്ടായിട്ടില്ല. ഇതോടെ നിർമ്മാണം അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. മണ്ണ് നീക്കിയതോടെ ഇതുവഴിയുള്ള കാൽനട യാത്ര പോലും ഏറെ ദുരിതത്തിലായി. മാസങ്ങളായി ഇത്തരത്തിൽ അപകടാവസ്ഥ തുടർന്നിട്ടും പഞ്ചായത്തോ പിഡബ്ല്യുഡി അധികൃതരോ നടപടി സ്വീകരിക്കാത്തതിനാൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും

=ആശുപത്രി അടക്കമുള്ള അടിയന്തര സാഹചര്യം ഉണ്ടായാൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കാൽനട യാത്രക്കാരും സ്കൂൾ കുട്ടികളും അടക്കം കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടാണ് ഉണ്ടായിട്ടുള്ളതെന്നും, ഇത് അറിയാവുന്ന പഞ്ചായത്ത് അടക്കമുള്ള അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ പറയുന്നു.

ഫ്ലക്സ് ബോർഡുകൾ

മാത്രമായി

മേഖലയിലെ രണ്ടു പാലങ്ങൾക്കായി കോടികൾ അനുവദിച്ചിട്ട്‌ വർഷങ്ങളായി. ഇക്കാര്യത്തിൽ ഫ്ലക്സ് ബോർഡുകൾ അടക്കം ഇവിടെ സ്ഥാപിച്ചിരുന്നുവെങ്കിലും പിഡബ്ല്യുഡി സെക്ഷനിൽ നൽകിയ വിവരാവകാശത്തിൽ ഒരു രൂപ പോലും പാലങ്ങൾക്ക് അനുവദിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇപ്പോൾ വീണ്ടും പുതിയ പാലത്തിനായി എസ്റ്റിമേറ്റ് നൽകിയെന്ന വാഗ്ദാനവുമായി അധികാരികൾ പറയുന്നു. എന്നാൽ ഈ പറയുന്ന കാര്യങ്ങളിൽ വിശ്വാസ്യത നഷ്ടപ്പെട്ടു.1980 കാലഘട്ടത്തിൽ നിർമിച്ച ഈ പാലങ്ങൾ ഉടൻ പുനർ നിർമ്മിക്കണമെന്ന് ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. അതിനോടൊപ്പം നിലവിലെ അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്