
ഉടുമ്പന്നൂർ: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളെയും ഹരിത ഭവനങ്ങളാക്കാനൊരുങ്ങി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. എല്ലാ വീടുകളിലും ഉറവിട ജൈവ മാലിന്യ സംസ്‌ക്കരണത്തിനുള്ള ഉപാധികൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയും അജൈവ മാലിന്യങ്ങൾ കൈമാറാൻ ഹരിത കർമ്മസേനയുടെ 100 ശതമാനം സേവനം ഉറപ്പാക്കിയുമാണ് ഹരിത ഭവനങ്ങളായി മാറുക.
ഇതിനായി വാർഡ് തലത്തിൽ 50 വീടുകൾക്ക് ഒരു ക്ലസ്റ്റർ വീതം രൂപികരിച്ച് വീടുകളെ പ്രത്യേകമായി ഗ്രേഡേഷന് വിധേയമാക്കും. കണ്ടെത്തുന്ന കുറവുകൾ ഗ്രാമപഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ സഹായത്തോടെ പരിഹരിക്കും. പഞ്ചായത്ത് പരിധിയിലുള്ള വിവിധ സംഘടനങ്ങളുടെ പ്രത്യേക യോഗങ്ങൾ വിളിച്ച് ചേർത്ത് സംഘടനാ അംഗങ്ങളുടെ ഭവനങ്ങൾ ഹരിത ഭവനങ്ങളാക്കുവാനുള്ള പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ഏറ്റടുക്കും. മാനദണ്ഡങ്ങൾ എല്ലാം പൂർത്തീകരിച്ച് പുതുവർഷ ദിനത്തിൽ എല്ലാ വീട്ടുകളേയും ഹരിതഭവനങ്ങളായി പ്രഖ്യാപിക്കും.ഹരിതഭവന പ്രഖ്യാപനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ ചേർന്ന ആലോചനയോഗം പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ അദ്ധ്യക്ഷയായി.
ഹരിതഭവനങ്ങളുടെ ഗ്രഡേഷൻ പ്രവർത്തനങ്ങൾ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ റ്റി.എം സുബൈറിന് ഫോറം കൈമാറി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ നിർവ്വഹിച്ചു.വിവിധ സ്ഥലങ്ങളിൽ പൊതു നിരത്തിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞവരെ കണ്ടെത്താൻ സഹായിച്ചവരെ ചടങ്ങിൽ ആദരിച്ച് പാരിതോഷികം നൽകി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൈസി ഡെനിൽ, വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാന്തമ്മ ജോയി, ബീന രവീന്ദ്രൻ ആസൂത്രണ സമിതി അംഗങ്ങളായ കെ.എസ് രാജൻ, കെ.ജി സുകുമാരൻ, പി.ജി മുരളീധരൻ വിവിധ രാഷ്രീയകക്ഷി പ്രതിനിധികളായ പി.ജെ ഉലഹന്നൻ, ജിജി വാളിയംപ്ലാക്കൽ, ഉല്ലാസ ക്കൂട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി. വി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി യശോധരൻ സ്വാഗതവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഷ സലിം നന്ദിയും പറഞ്ഞു.