തൊടുപുഴ: 30 വർഷമായി തൊടുപുഴയിൽ പ്രവർത്തിച്ചു വരുന്ന തപാൽ വകുപ്പിന്റെ സോർട്ടിങ് ഓഫീസ് പൂട്ടുന്നത് ഈ മേഖലയിലെ തപാൽ ഉരുപ്പടികൾ വിതരണത്തിൽ കാലതാമസം നേരിടുമെന്നും ഇതുമൂലം തൊടുപുഴയിലെ ജനങ്ങൾക്ക്,പ്രത്യേകിച്ച് വ്യാപാരസമൂഹത്തിന് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് തൊടുപുഴ മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു.
ഈ ഓഫീസ് പൂട്ടുന്നതോടെ തൊടുപുഴ,മുവാറ്റുപുഴ,കുമളി,കട്ടപ്പന തുടങ്ങി ഇടുക്കി എറണാകുളം ജില്ലയിലെ വിവിധ മേഖലയെയും സാരമായി ബാധിക്കും . നടപടിയുമായി പോസ്റ്റൽ ഡിപ്പാർട്‌മെന്റ് മുന്നോട്ട് പോകുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി പോകുമെന്നും ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
തൊടുപുഴയിലെ ഓഫീസ് നിലനിർത്തുന്നതിൽ വേണ്ട നടപടി സ്വീകരിക്കണമെന്ന് അഡ്വ ഡീൻ കുര്യാക്കോസ് എം. പിയോടും പി. ജെ. ജോസഫ്എം എൽഎയോടും പോസ്റ്റ്മാസ്റ്റർ ജനറലിനോടും ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തയയ്ക്കാനും മർച്ചന്റ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു.പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സി കെ നവാസ്,വൈസ് പ്രസിഡന്റ്മാരായ നാസർ സൈര,ഷെരീഫ് സർഗ്ഗം,ജോസ് തോമസ് കളരിക്കൽ,കെ പി ശിവദാസ്,വർക്കിങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്,സെക്രട്ടറിമാരായ ഷിയാസ് എംപീസ്,ലിജോൺസ് ഹിന്ദുസ്ഥാൻ,യൂത്ത് വിങ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്,വനിതാ വിങ് പ്രസിഡന്റ് ലാലി വിൽസൺ എന്നിവർ പങ്കെടുത്തു.