road

ചെറുതോണി: ഏഴ് വർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ വാഴത്തോപ്പ് കത്തീഡ്രൽ കവാടം റോഡ് തകർന്നു. അടിമാലി- കുമളി ദേശീയ പാതയിലേയ്ക്കുള്ള തിരക്കേറിയ ഗ്രാമീണ ലിങ്ക് റോഡാണിത്. ഹയർ സെക്കൻഡറി മുതൽ അംഗൻവാടി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള നൂറ് കണക്കിന് വിദ്യാർത്ഥികളുടെ പ്രധാന സഞ്ചാര പാതയാണിത്. പഞ്ചായത്ത്, കൃഷി ഓഫീസുകളിലേയ്ക്ക് എത്തുന്നവരും ആശ്രയിക്കുന്നതും ഈ റോഡിനെ തന്നെയാണ്. ജില്ലാ കേന്ദ്രത്തിലെ പ്രധാന ആരാധനാ കേന്ദമായ വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയുടെ പേരിൽ തന്നെ അറിയപ്പെടുന്ന റോഡാണിത്. തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള കത്തീഡ്രൽ പള്ളിയിലേയ്ക്ക് എത്തുന്നവരും റോഡിന്റെ ദുരവസ്ഥ മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. റോഡിന്റെ കവാടത്തിലാണ് അപകട സാഹചര്യം കൂടുതലുള്ളത്. ലിങ്ക് റോഡിലേയ്ക്ക് വാഹനങ്ങൾ തിരിഞ്ഞ് കയറുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ പെട്ടെന്ന് വേഗത കുറയ്‌ക്കേണ്ടി വരുന്നു. ഇത് അപകങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. ഇത്തരം അപകടങ്ങൾ ഇവിടെ പതിവാണ്. പ്രധാന റോഡിൽ ബസ് വേ ഒരുക്കിയാൽ ഇത്തരം അപകടം ഒഴിവാക്കാം.

ഇടുങ്ങിയ കലുങ്കും

മറ്റൊരു ഭീഷണി

2017- 18 സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റീ ടാറിംഗ് നടത്തിയ റോഡിന്റെ പല ഭാഗത്തും മെറ്റൽ ഇളകി നശിച്ചിട്ടുണ്ട്. അടുത്തിടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മെമ്പറുടെ വാർഡിൽ ഉൾപ്പെട്ട പ്രദേശമാണിത്. കോൺവെന്റ് ഭാഗത്തുള്ള ഇടുങ്ങിയ കലുങ്കും മറ്റൊരു ഭീഷണിയാണ്. കലുങ്കിന്റെ കൽക്കെട്ട് റോഡിലേയ്ക്ക് ഇറങ്ങിയാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം അപകട ഭീഷണികൾ ഒഴിവാക്കി റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.