പീരുമേട് താലൂക്കിൽ മാത്രം കിട്ടാനുള്ളത് എട്ട്കോടി

പീരുമേട്: താലൂക്കിലെ സഹകരണ സ്ഥാപനങ്ങൾക്ക് കാർഷിക കടാശ്വാസ കമ്മീഷനിൽ നിന്നും അനുവദിച്ച തുക ഇതുവരെ ലഭിച്ചില്ല. സർവീസ് സഹകരണബാങ്കുകൾ കൃഷിവയ്പയായി കർഷകർക്ക് കൊടുത്ത തുകയാണ് ബാങ്കുകൾക്ക് കിട്ടാനുള്ളത്. കർഷകർക്ക്
കടാശ്വാസ കമ്മീഷൻ ഇളവ് അനുവദിക്കുകയും കുടിശ്ശിയായി കിടക്കുന്ന വായ്പ കളിൽ നിശ്ചിത വായ്പ ഉടമ അടയ്ക്കുകയും ബാക്കി തുകയും പലിശയും കടാശ്വാസ കമ്മീഷൻ അനുവദിക്കുകയുമാണ് ചെയ്യുന്നത്.അനുവദിച്ച തുക സർക്കാരാണ് നൽകേണ്ടത് . പീരുമേട് താലൂക്കിലെ അമരാവതി, ചെങ്കര , വണ്ടിപ്പെരിയാർ , പാമ്പനാർ , പെരുവന്താനം , കൊക്കയാർ .ഏലപ്പാറ മലനാട്,ഉപ്പുതറ എന്നീ സർവീസ് സഹകരണ ബാങ്കുകൾക്ക് എട്ട് കോടിയോളം രൂപയാണ് കടാശ്വാസ കമ്മിഷൻ അനുവദിച്ചത്.
ഈ തുകയാണ് സഹകരണ ബാങ്കൾക്ക് ലഭിക്കാനുള്ളത്.വായ്‌പ്പെടുത്ത കർഷകർ കൃഷി നാശം നേരിടുമ്പോൾ കാർഷിക കടാശ്വാസ കമ്മീഷന് ആനുകൂല്യത്തിന് വേണ്ടി അപേക്ഷിക്കുകയാണ് ചെയ്യുന്നത്. വായ്പ ഇളവ് അനുവദിക്കുന്നത്കടാശ്വാസ കമ്മീഷനാണ്. കടാശ്വാസം ഒരാളിന് പരമാവധി ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ്. ഒരിക്കൽ ലഭിച്ചാൽ വീണ്ടും കടാശ്വാസം ലഭിക്കുകയില്ല. 2020 ന് മുൻപ് അപേക്ഷിച്ച അപേക്ഷകർക്കാണ് ഇപ്പോൾ കടാശ്വാസ കമ്മിഷനിൽ നിന്നു ഇളവ് ലഭ്യമായിട്ടുള്ളത്.