തൊടുപുഴ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കരിങ്കുന്നം കോലക്കുന്നേൽ വീട്ടിൽ കെ.കെ. സുഗതനാണ് പരിക്കേറ്റത്. തൊടുപുഴ- പാലാ റോഡിൽ മഞ്ഞക്കടമ്പിൽ ഇന്നലെ വൈകിട്ട് 3.15നായിരുന്നു അപകടം. പാലാ ഭാഗത്ത് നിന്ന് വന്ന കാറും കരിങ്കുന്നത്തേക്ക് പോയ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. കാറിൽ നിന്ന് പുക ഉയർന്നെങ്കിലും തീപിടുത്തം ഉണ്ടായില്ല. പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ തൊടുപുഴ സ്മിത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് റോഡിൽ കിടന്ന വാഹന അവശിഷ്ടങ്ങളും ഓയിലും കഴുകി കളഞ്ഞ് അപകടാവസ്ഥ ഒഴിവാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.