
തൊടുപുഴ: കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിൽ കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് പൊലീസ് നടത്തിയ റെയ്ഡ് സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ പറഞ്ഞു. തൊടുപുഴയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടർന്ന് നടത്തിയ
പൊതയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ നേതാക്കളുടെ മുറികളിലേക്ക് വനിതാ പൊലീസ് ഇല്ലാതെ പാതിരാ പരിശോധനയ്ക്ക് എത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ് പാലക്കാട് അരങ്ങേറിയ പൊലീസ് നടപടി. സി.പി.എമ്മിന്റെ കിരാതമായ പൊലീസ് നയത്തിനെതിരെയുള്ള പ്രതിഷേധമാകും പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം. നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും താമസിച്ചിരുന്ന മുറികളിലാണ് പൊലീസ് റെയ്ഡിന് എത്തിയത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതാക്കളുടെ മുറികളിൽ പൊലീസെത്തി നോക്കിയില്ല. കള്ളപ്പണം സൂക്ഷിക്കുന്നതും അതിന് കാവൽ നിൽക്കുന്നതും സി.പി.എമ്മും ബി.ജെ.പിയുമാണ്. കൊടകര കള്ളപ്പണ കേസിൽ ഇരു പാർട്ടികളും ഇപ്പോൾ പ്രതിക്കൂട്ടിലാണ്. തിരഞ്ഞെടുപ്പിൽ ഈ വിഷയം സജീവ ചർച്ചയായപ്പോൾ അതിന് മൂടുപടം ഇടാനാണ് ഈ നാടകം അരങ്ങേറിയത്. സംഘപരിവാറിന് വേണ്ടി പണിയെടുക്കുന്ന പിണറായി ഭരണകൂടത്തിനെതിരെ കോൺഗ്രസ് കൂടുതൽ ശക്തമായി സമരരംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ മുൻ ഡി.സി.സി പ്രസിഡന്റ് ജോയ് തോമസ്, ഷിബിലി സാഹിബ്, എൻ.ഐ. ബെന്നി, ജോസ് അഗസ്റ്റിൻ, പി.എസ്. ചന്ദ്രശേഖരപിള്ള, ടി.ജെ. പീറ്റർ, വി.ഇ. താജുദ്ദീൻ, ചാർലി ആന്റണി, ജാഫർ ഖാൻ മുഹമ്മദ്, ജോയ് മൈലാടി, ജിജി അപ്രം, ടോമി പാലക്കൻ. സുനി സാബു, പത്മാവതി രഘുനാഥ്, പി.വി. അച്ചാമ്മ, രാജേശ്വരി ഹരിധരൻ എന്നിവർ സംസാരിച്ചു.