ചെറുതോണി: ജില്ലയിലെ ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമായ ഇടുക്കി മെഡിക്കൽ കോളജിനോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കാത്ത പക്ഷം സമരങ്ങളാരംഭിക്കുന്നതിന്‌ യു.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റിയോഗം തീരുമാനിച്ചു. കാർഡിയോളജി, ന്യൂറോ ഉൾപ്പെടെയുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമല്ല. ഒ.പി വിഭാഗങ്ങളിൽ പല ദിവസങ്ങളിലും ഡോക്ടർമാരുടെ എണ്ണം കുറവാണ്. ഡ്യൂട്ടിയിലുള്ള ഡോക്ടർമാരും രോഗികളും ഇതുമൂലം വളരെയേറെ കഷ്ടപ്പെടുകയാണ്. പാരാമെഡിക്കൽ സ്റ്റാഫുകളുടെ എണ്ണക്കുറവ് പലപ്പോഴും ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. കരാർ അടിസ്ഥാനത്തിലുള്ള ഡോക്ടർമാരോടൊപ്പം സീനിയേഴ്സായ പ്രൊഫസർമാരെയും ആവശ്യമായ പാരാമെഡിക്കൽ സ്റ്റാഫുകളേയും നിയമിക്കണം. എം.ആർ.ഐ സ്‌കാനിംഗ് സംവിധാനം ഉടൻ ആരംഭിക്കണം. കിടപ്പു രോഗികൾക്കു പുറമെ ആവശ്യമായ എല്ലാ രോഗികൾക്കും സി.ടി സ്‌കാൻ പ്രയോജനപ്പെടുത്തണം. മരുന്നുകളുടെ കുറവു മൂലം രോഗികളെ വിവിധ ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വരുന്ന അവസ്ഥ പരിഹരിക്കാൻ ആവശ്യമായ മരുന്നുകളെത്തിക്കണം. യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും സി.എച്ച്.ആർ വിഷയത്തിൽ ഇടതുമുന്നണി സർക്കാരിന്റെ ഇരട്ടത്താപ്പ് നയം തിരുത്തി ജനപക്ഷ നിലപാടുകൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 16ന് രാവിലെ 10.30ന് ചെറുതോണി ടൗൺഹാളിൽ യു.ഡി.എഫ് ജില്ലാ കമ്മറ്റി നടത്തുന്ന സമരപ്രഖ്യാപന കൺവെൻഷനിൽ 400 പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് മണ്ഡലം കമ്മറ്റി യോഗങ്ങൾ 11, 12 തീയതികളിൽ കൂടും. ഇടുക്കി ഡി.സി.സി. ഓഫീസിൽ കൂടിയ യോഗത്തിൽ നിയോജകമണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം കൺവീനർ ജോയി കൊച്ചുകരോട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. തോമസ് മൈക്കിൾ, നോബിൾ ജോസഫ്, വർഗീസ് വെട്ടിയാങ്കൽ, എം.കെ. നവാസ്, സാം ജോർജ്, അനീഷ് ചേനക്കര, വി.എ. ഉലഹന്നാൻ, ജോബി ജോസ്, പി.എം. ഫ്രാൻസിസ്, അനീഷ് മണ്ണൂർ, സിജു ചക്കുംമൂട്ടിൽ, സാജു കാരക്കുന്നേൽ, സി.പി. സലീം, ജോബി തയ്യിൽ, പി.ഡി. ജോസഫ്, ടോമി തൈലംമനാൽ എന്നിവർ പ്രസംഗിച്ചു.