ആർ.ഡി.ഒ ഓഫീസിന് മുൻപിൽ പ്രതിഷേധവുമായി നാട്ടുകാർ

മൂന്നാർ : ചൊക്രമുടിയിൽ ഭൂമി വാങ്ങിയ ആളുകളെ പട്ടയം റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനായി റവന്യു വകുപ്പ് ഇന്നലെ നടത്താനിരുന്ന ഹിയറിംഗ്ക്ടോ മാറ്റിവെച്ചു. നേരത്തെ ഒക്ടോബർ 14,21,28 തീയതികളിൽ ദേവികുളം സബ് കളക്ടർ ഓഫീസിൽ ഹിയറിങ് നടത്തിയിരുന്നു. എന്നാൽ ഈ മൂന്ന് തവണ നടന്ന അന്വേഷണത്തിലും ഭൂമിയോ, പട്ടയമോ മറ്റു രേഖകളോ വ്യാജമാണെന്ന് റവന്യൂ വകുപ്പിന് തെളിയിക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് ഹിയറിംഗ് മാറ്റിവെച്ചത്.
ഭൂമി വാങ്ങിയ ആളുകൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ ചോദ്യങ്ങളിൽ തന്നെ ഈ ഭൂമിയും പട്ടയ ഫയലുകളും യാഥാർത്ഥ്യമായി തന്നെ ഉള്ളതാണെന്ന് റവന്യൂ വകുപ്പ് തന്നെ അംഗീകരിക്കുന്നു. എന്നാൽ റവന്യൂ ഓഫീസിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട പട്ടയ ഫയൽ അടക്കമുള്ള രേഖകൾ വകുപ്പിന്റെ പക്കലില്ലെന്നും ഇതിൽ പറയുന്നു.
റവന്യൂ വകുപ്പിൽ സൂക്ഷിക്കേണ്ട രേഖകൾ കാണാതായിരിക്കുന്നതിന്റെ ഉത്തരവാദിത്വവും നിലവിൽ ഭൂമി വാങ്ങിയ ആളുകൾ ഏറ്റെടുക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ഹീയറിംഗിൽ രാത്രി 12 മണിയോടടുത്ത് സമയം വരെ ഭൂമി വാങ്ങിയ ആളുകളെ നിർത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്ത സംഭവവും പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനുശേഷമാണ് ഇന്നലെ ദേവികുളം ആർ ഡി ഓഫീസിൽ വീണ്ടും ഹയറിങ്ങിന് വിളിപ്പിച്ചത്. ഉച്ചകഴിഞ്ഞ്മൂ ന്നുമണിയോടെ മുഴുവനാളുകളും എത്തിയെങ്കിലും ഹിയറിങ് നടപടികൾ നവംബർ 21 ലേക്ക് മാറ്റിവെച്ചു. മുൻപ് കൊടുത്തിരുന്ന കാരണം കാണിക്കൽ നോട്ടീസിൽ വകുപ്പ് പറഞ്ഞിരുന്ന കാര്യങ്ങൾ അവർക്ക് തന്നെ തെളിയിക്കാൻ കഴിയാത്തത് മൂലമാണ് ഹിയറിങ് മാറ്റിവച്ചതെന്ന് ഉടമകൾ ആരോപിക്കുന്നു.
ഇതേ തുടർന്നാണ് ആർഡിഒ ഓഫീസിനു മുൻപിൽ പ്രതിഷേധവുമായി ഭൂമി വാങ്ങിയ ആളുകൾ എത്തിയത്.

തങ്ങളെ കബളിപ്പിച്ചത് റവന്യൂ വകുപ്പാണ് എന്നും ഭൂമി വാങ്ങുന്നതിനു മുൻപ് വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും എത്തി പരിശോധന നടത്തിയ അവസരങ്ങളിൽ ഒന്നും ഭൂമിക്ക് മറ്റു കുഴപ്പങ്ങൾ ഉള്ളതായി അധികൃതർ അറിയിച്ചിരുന്നില്ല. മാത്രമല്ല ഭൂമിയുടെ ആധാരവും പോക്കുവരവും കരം സ്വീകരിക്കുമെല്ലാം കഴിഞ്ഞ മാസം വരെയും നടന്നു. എന്നാൽ ഏതാനും നാളുകൾക്ക് മുൻപ് പട്ടയം ഉൾപ്പെടെയുള്ള രേഖകൾ വ്യാജമാണെന്നും തങ്ങൾ കയ്യേറ്റക്കാരാണെന്ന് വകുപ്പ് തന്നെ ചിത്രീകരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് ഭൂമി വാങ്ങിയ ആളുകൾ പ്രതിഷേധവുമായെത്തിയത്.