തൊടുപുഴ: രോഗബാധയും കാലാവസ്ഥാ വ്യതിയാനവും മൂലം വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർക്ക് രണ്ട് വർഷത്തിനുള്ളിൽ

മൃഗസംരക്ഷണവകുപ്പ് നഷ്ടപരിഹാരമായി നൽകിയത് 1.30 കോടി രൂപ. ആഫ്രിക്കൻ പന്നിപ്പനി, ചർമ്മമുഴ, കടുത്ത വേനൽ എന്നിവ ബാധിച്ച് നിരവധി വളർത്തുമൃഗങ്ങളാണ് കർഷകർക്ക് നഷ്ടമായത്.ആഫ്രിക്കൻ പന്നിപ്പനി രോഗവ്യാപനം തടയാൻ 53 കർഷകരുടെ 1207 പന്നികളെ കൊന്നൊടുക്കി ശാസ്‍ത്രീയമായി മറവുചെയ്തു. ഇതിൽ 51 കർഷകരുടെ 1151 പന്നികൾക്കായി 1,20,43,800 രൂപ നഷ്ടപരിഹാരം ഇനത്തിൽ നൽകിയത്. രണ്ട് കർഷകരുടെ 56 പന്നികൾക്കായി 6,73,000 രൂപയാണ് ഇനി നൽകാനുള്ളത്. ഇതു ബന്ധപ്പെട്ട് 4800 കിലോ തീറ്റയും നശിപ്പിച്ചിരുന്നു. ഈ ഇനത്തിൽ 1,05,600 രൂപയും നഷ്‍ടപരിഹാരമായി നൽകി.ജില്ലയിൽ 53 കർഷകരുടെ വളർത്തുമൃഗങ്ങൾക്കാണ് ചർമമുഴ ബാധിച്ചത്. ഇവർക്ക് സഹായമായി 14,64,00 രൂപയാണ് ഇതുവരെ വിതരണം ചെയ്‍തത്. 26,35,000 രൂപ കൂടി നൽകാനുണ്ടെന്ന് അധികൃതർ പറഞ്ഞു. സങ്കരയിനങ്ങളിലും നാടൻ പശുക്കളിലും ഒരുപോലെ പടരുന്ന രോഗമാണ് ചർമ്മമുഴ അഥവാ ലംപി സ്‌കിൻ ഡിസീസ്. ചർമ്മമുഴകൾ കുറയ്‍ക്കാനും ഇവ പൊട്ടിയുണ്ടാകുന്ന വ്രണങ്ങൾ ഉണക്കാനും രണ്ടുമുതൽ നാല് ആഴ്‍ച വരെ സമയം എടുക്കും. മരണനിരക്കും കൂടുതലാണ്. ഈ സമയങ്ങളിൽ പാലുത്പാദനവും പ്രത്യുത്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയും. ജില്ലയിൽ രാമക്കൽമേട്, കമ്പംമെട്ട്, വാഴവര, കൽത്തൊട്ടി, മുണ്ടിയെരുമ, വളകോട്, പാറത്തോട്, മുനിയറി തുടങ്ങിയ ഇടങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. അടുത്തിടെയുണ്ടായ കടുത്ത വേനലിൽ നിരവധി പശുക്കളെയും കർഷകർക്ക് നഷ്‍ടമായിരുന്നു. 42 കർഷകർക്കായി 6,31,450 രൂപ വിതരണംചെയ‍്തിട്ടുണ്ട്.

ദുരിതം വിതച്ച പന്നിപ്പനി

2022ലാണ് ആഫ്രിക്കൻപന്നിപ്പനി ബാധിച്ച് നൂറുകണക്കിന് പന്നികളാണ് ചത്തത്. ഒക്ടോബർ- നവംബർ മാസങ്ങളിലായിരുന്നു അവ ചത്തത്. കരിമണ്ണൂർ,തൊടുപുഴ, കട്ടപ്പന, പെരുവന്താനം, വാഴത്തോപ്പ്, വെൺമണി, ഉപ്പുതറ, വണ്ടന്മേട്, കൊന്നത്തടി എന്നിവിടങ്ങളിലായിരുന്നു കൂടുതലായും രോഗവ്യാപനം റിപ്പോർട്ട് ചെയ്തത്.

ശക്തമായ പ്രതിരോധം
രോഗങ്ങൾക്കെതിരെ ജില്ലയിൽ പ്രതിരോധം ശക്തമാണ്. നാലാംഘട്ട കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങളും ചർമ്മമുഴ വാക്സിനേഷൻ ക്യാമ്പും ബ്രൂസെല്ല പ്രതിരോധ കുത്തിവയ്‍പും പൂർത്തിയാക്കി. ആടുവസന്ത പ്രതിരോധ കുത്തിവയ്‍പ് ക്യാമ്പയിനും കഴിഞ്ഞ മാസത്തോടെ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

വിതരണം ചെയ്ത തുക

1151 പന്നികൾക്കായികർഷകർക്ക്;1,20,43,800 രൂപ

തീറ്റയും നശിച്ചഇനത്തിൽ: 1,05,600 രൂപ

ചർമമുഴ ബാധിച്ച വളർത്ത് മൃഗങ്ങളുടെ .

നഷ്ടപരിഹാരം -14,64,00 രൂപ

വേനലിൽ പശുക്കളെനഷ്‍പ്പെട്ട 42 കർഷകർക്ക് -6,31,450 രൂപ