മൂന്നാർ: മുതിരപ്പുഴയാറിന്റെ തീരത്തെ വിദ്യാർത്ഥി സ്മാരകത്തിലേക്ക് ഇത്തവണയും പൊട്ടും വളകളും മിഠായികളും നെല്ലിക്കയുമായി മറ്റുമായി ബന്ധുക്കളെത്തി. 40 വർഷം മുമ്പ് മൂന്നാർ ഹൈറേഞ്ച് ക്ലബ്ബിന് സമീപത്തെ തൂക്കുപാലം തകർന്ന് മുതിരപ്പുഴയാറിൽ മുങ്ങിമരിച്ച മൂന്നാർ ഗവ:ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബന്ധുക്കളാണ് പതിവ് തെറ്റിക്കാതെ എത്തിയത്. 14 കുട്ടികളാണ് മരിച്ചത്. ഹൈറേഞ്ച് ക്ലബ്ബ് ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്ടർ കാണാൻ ഓടിയെത്തിയ കുട്ടികളാണ് പാലം തകർന്ന് മരിച്ചത്. മരിച്ച കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളുമാണ് കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളുമായി ദുരന്ത സ്ഥലത്തെ സ്മാരകത്തിൽ എത്തി ചടങ്ങിൽ പങ്കെടുത്തത്.മൂന്നാർ ഗവ: വിഎച്ച്എസ്എസ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എം ഭൗവ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഹൈറേഞ്ച് മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജു ശ്രീലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മൂന്നാർ എ .ഇ .ഒ സി ശരവണൻ, സണ്ണി ഇലഞ്ഞിക്കൽ, ആർ മോഹൻ, എം വിശ്വനാഥ്, കെ എ മജീദ്, എം സെന്തിൽ, സലീമ സലിം, കെ എച്ച്ആർഎ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് കനി എന്നിവർ സംസാരിച്ചു. ഭാരവാഹികളായ പ്രൊഫ. ടി എ ചന്ദ്രൻ സ്വാഗതവും എസ് സജീവ് നന്ദിയും പറഞ്ഞു.