തൊടുപുഴ: കേരള സൈക്കിൾ പോളോ അസോസിയേഷന്റെയും ജില്ലാ സൈക്കിൾ പോളോ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 50-ാമത് സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ 12 വരെ തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് 600 കായികതാരങ്ങളും 50 ഒഫീഷ്യൽസും പങ്കെടുക്കും. നാളെ വൈകിട്ട് നാലിന് കേരള സൈക്കിൾ പോളോ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കരമന ഹരി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും. തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സബീന ബിഞ്ചു അന്തർദ്ദേശീയ താരങ്ങളെ ആദരിക്കും. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വി.എ. സക്കീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനവും സമ്മാന വിതരണവും നിർവഹിക്കും. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, തൊടുപുഴ ന്യൂമാൻ കോളേജ് ബർസാർ ഫാ. ബെൻസെൻ എൻ. ആന്റണി എന്നിവർ മുഖ്യാതിഥികളാകും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറി ഇ.കെ. റിയാസ്, സംഘാടക സമിതി ചെയർമാൻ ഷാജു പള്ളത്ത്, ട്രഷറർ വി.എസ്. അൻസിഫ്, കൺവീനർ കെ.എ. റിയാസ്, സൈക്കിൾ പോളോ അസോസിയേഷൻ മെമ്പർ സി.എച്ച്. നസീർ എന്നിവർ പങ്കെടുത്തു.