pic
പീരുമേട് ആർ.ആർ.ടി. ടീമിന്റെ കേടായിരിക്കുന്ന ജീപ്പ്

പീരുമേട്: കാട്ടാന ശല്യം പീരുമേട് മേഖലയിൽ രൂക്ഷമായി തുടരുമ്പോൾ കാട്ടാനകളെ തുരത്തേണ്ട റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർ.ആർ.ടി)​ വാഹനം കട്ടപ്പുറത്ത്. ഒരാഴ്ചയായി പീരുമേട് ആർ.ആർ.ടി സംഘത്തിന്റെ വാഹനം പണിമുടക്കിയിട്ട്. വാഹനം റിപ്പയർ ചെയ്യാൻ ഫണ്ടില്ലാത്തതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതിസന്ധിയിലായിരിക്കുകയാണ്. വന്യമൃഗങ്ങൾ ജനവാസമേഖലയിലിറിങ്ങുമ്പോൾ നാട്ടുകാർ വിളിച്ചാൽ സംഘത്തിന് സ്ഥലത്തെത്താനാകാത്ത സ്ഥിതിയാണ്. നിലവിലുള്ള വാഹനത്തിന് പുറമെ ഒരെണ്ണം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് മാസങ്ങളായെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ഒരു ഫോറസ്റ്ററുടെ നേതൃത്വത്തിൽ ആറ് ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. വനംമന്ത്രി എ.കെ. ശശീന്ദ്രൻ പീരുമേട് സന്ദർശിച്ചപ്പോൾ 12 പേരടങ്ങുന്ന ഒരു ആർ.ആർ.ടി യൂണിറ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ഇതും ഇതുവരെ നടപ്പിലാക്കാനായിട്ടില്ല.

കാട്ടാനശല്യം അതിരൂക്ഷം

ഒരു മാസമായി പീരുമേട്, തോട്ടാപ്പുര, കച്ചേരികുന്ന്, ഗസ്റ്റ് ഹൗസ് ഭാഗം, തട്ടാത്തിക്കാനം, കുട്ടിക്കാനം തുടങ്ങിയ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. ബുധനാഴ്ച രാത്രിയിലും കാട്ടാന ഇറങ്ങി നാശം വിതച്ചു. കാട്ടാന കൂട്ടം ദേശീയപാതയിലൂടെയും സഞ്ചരിക്കാൻ തുടങ്ങിയതോടെ ജനം ഭീതിയിലായി.

റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി)

കാടിറങ്ങുന്ന ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്തുന്നത് വനംവകുപ്പിലെ പ്രത്യേക വിഭാഗമായ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർ.ആർ.ടി) ചുമതലയാണ്. ഒരു ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ആറ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ, നാല് വാച്ചർമാർ, നാല് താത്കാലിക വാച്ചർ കം ഡ്രൈവർ എന്നതാണ് ഒരു ആർ.ആർ.ടി യൂണിറ്റ്. ജീവനക്കാരുടെ കുറവുമൂലം ജോലിഭാരമുള്ള യൂണിറ്റുകളായി ആർ.ആർ.ടികൾ മാറിയിട്ടുണ്ട്. എല്ലാ റേഞ്ചിലും ആർ.ആർ.ടി സംഘമുണ്ടെങ്കിൽ ജില്ലയിൽ രൂക്ഷമായ വന്യമൃഗശല്യം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും.