
പീരുമേട്: ശ്രീ നാരായണ ട്രസ്റ്റിന്റെ സ്ഥാപകനും സെക്രട്ടറിയുമായിരുന്ന മുൻ മുഖ്യമന്ത്രി ആർ. ശങ്കർ അദ്ധ്യാപകൻ, വക്കീൽ, പത്രാധിപർ രാഷ്ട്രീയ നേതാവ് സ്വാതന്ത്ര സമര നേതാവ് നിർഭയനായ ഭരണാധികാരി സമുദായനേതാവ് വിദ്യാഭ്യാസ പ്രവർത്തകൻ പ്രാസംഗികൻ തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങിയ ബഹുമുഖ പ്രതിഭയായിരുന്നു
വെന്ന് ശ്രീനാരായണാ ട്രസ്റ്റ് ആർ. ഡി. സി. കൺവീനറും എസ്.എൻ.ഡി. പി. യോഗം പീരുമേട് യൂണിയൻ പ്രസിഡന്റുമായ ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു.ആർ. ശങ്കറിന്റെ അൻപത്തിരണ്ടാമത് ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി പാമ്പനാർ ശ്രീനാരായണാ ട്രസ്റ്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹം ആരംഭിച്ച പല കോളേജുകളും നാട്ടിൽ പുറങ്ങളിലായിരുന്നു. അതു സാധാരണക്കാരും പിന്നാക്കക്കാരുമായ ആളുകൾക്ക് കോളേജ് വിദ്യാഭ്യാസം ലഭിക്കുവാനിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. കോളേജ് ആഡറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് സ്റ്റാഫ് സെക്രട്ടറി വി.ഷിബു അദ്ധ്യക്ഷനായി. പൊളിറ്റിക്സ് വിഭാഗം മേധാവി മിറാഷ് ചെറിയാൻ കുര്യൻ ,കോമേഴ്സ് വിഭാഗം മേധാവി ഡോ. ശ്രുതി എസ്.ജി. എന്നിവർ പ്രസംഗിച്ചു.