കട്ടപ്പന : കട്ടപ്പന നഗരസഭയുടെ ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന പൊതുശ്മശാനത്തിൽ നേരിട്ടുകൊണ്ടിരുന്ന ജലക്ഷാമത്തിന് പരിഹാരമായി. മുൻപ് കുഴൽ കിണർ ഉണ്ടായിരുന്നുവെങ്കിലും ഇത് വറ്റിപ്പോയിരുന്നു. തുടർന്ന് ശവസംസ്‌കാരത്തിനായി ലോറിയിൽ വെള്ളം എത്തിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഇത് സ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിച്ചു. മൃതദേഹം ദഹിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പുക മലിനീകരണം തടയുന്ന സംവിധാനത്തിനായിട്ടാണ് വെള്ളം ഉപയോഗിക്കുന്നത്. നഗരസഭ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കുഴൽ കിണർ നിർമ്മിച്ചത്.3 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് 500 ലിറ്റർ വെള്ളമാണ് ചിലവഴിക്കേണ്ടി വരുന്നത്. വേനൽക്കാലത്ത് പുറത്തുനിന്നും ജലം എത്തിക്കുന്നത് വലിയ പ്രതിസന്ധിയും ഉളവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രത്യേക പരിഗണന നൽകിക്കൊണ്ട് അടിയന്തരമായി ഇവിടെ ജലലഭ്യത സജ്ജീകരിച്ചത്.