തൊടുപുഴ: മാരിയിൽക്കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകി സർക്കാർ ഉത്തരവായതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. പാലം നിർമ്മാണത്തിന് ശേഷമുള്ള 90 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. 5.50 കോടി രൂപയാണ് പാലം നിർമാണത്തിനായി അനുവദിച്ചിരുന്നത്. 2017 ജൂണിൽ പാലം നിർമാണം പൂർത്തിയാക്കിയിരുന്നു. 2022ൽ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിച്ച് റവന്യൂ വകുപ്പിൽ നിന്ന് പൊതുമരാമത്ത് വകുപ്പിന് കൈമാറി. പാലം നിർമ്മാണത്തിന് ശേഷമുള്ള
ബാലൻസ് തുക ഉപയോഗിച്ച് കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമ്മിക്കാനാണ് തീരുമാനിച്ചത്. ഇതിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് 2023 ഫെബ്രുവരിയിൽ സർക്കാരിന് ലഭിച്ചു. തുടർന്ന് ധനവകുപ്പിന്റെ അനുമതിക്ക് നൽകി. ധനകാര്യ വിഭാഗത്തിന്റെ ചീഫ് ടെക്നിക്കൽ എക്സാമിനർ സ്ഥലം സന്ദർശിച്ചിരുന്നു. ഒളമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ പി.ജെ. ജോസഫ് എം.എൽ.എ നിയോജകമണ്ഡല ആസ്തിവികസന ഫണ്ടിൽ നിന്ന് 1.80 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തികൾ നടന്നു വരികയാണ്. അപ്രോച്ച് റോഡിന്റെ അവശേഷിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും. മന്ത്രി മുഹമ്മദ് റിയാസും പാലം സന്ദർശിച്ചിരുന്നു. നിയമസഭയിലടക്കം നിരവധി തവണ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തീകരിക്കുന്ന വിഷയം ഉന്നയിച്ചിരുന്നു. കാഞ്ഞിരമറ്റം ഭാഗത്തെ നിർമ്മാണവും പൂർത്തിയാകുന്നതോടെ ബൈപാസ് റോഡ് യാഥാർത്ഥ്യമാകുമെന്നും ജോസഫ് പറഞ്ഞു.